കാര്‍ത്തിക് തൊട്ടടുത്ത്, സഞ്ജുവും അരികില്‍, ലോകകപ്പ് ടീമില്‍ കീപ്പര്‍മാരുടെ പോരാട്ടമിങ്ങനെ

ഷെമീന്‍ അബ്ദുല്‍ മജീദ്

ഈ ടി20 ലോകകപ്പിലേക്ക് വിക്കറ്റ് കീപ്പറെ സെലക്ട് ചെയ്യുന്നതായിരിക്കും ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് ഏറ്റവും തലവേദനയുള്ള കാര്യം. ബാറ്റിങ് ഓഡറില്‍ ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ കഴിയുന്ന വിക്കറ്റ് കീപ്പര്‍മാര്‍ ഉള്ളത് കൊണ്ട് സെലക്ഷന്‍ ടോപ്പ് ഓഡര്‍ കോമ്പിനേഷന്‍ അനുസരിച്ചായിരിക്കും.

ഐപിഎല്ലിലെ പകുതി മല്‍സരങ്ങള്‍ കഴിഞ്ഞപ്പോള്‍ വിക്കറ്റ് കീപ്പര്‍മാരുടെ ചാന്‍സുകള്‍ ഒന്ന് നോക്കാം :

1. റിഷഭ് പന്ത് – സെലക്ഷനില്‍ മുന്‍പിലാണെന്ന് റൂമറുകള്‍ ഉണ്ടെങ്കിലും സണ്‍റൈസസ് ഹൈദരാബാദുമായുള്ള കളിയില്‍ സ്ലോ ബോളുകളില്‍ എക്‌സ്‌പോസഡ് ആയത് പന്തിന് തിരിച്ചടിയാണ്. പ്രത്യേകിച്ച് വിന്‍ഡിസിലും യു എസിലുമായി നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ പിച്ചുകള്‍ സ്ലൊ ആകും എന്ന വിലയിരുത്തല്‍ ഉള്ള സ്ഥിതിക്ക് പന്ത് സ്വയം കുഴി തോണ്ടി എന്ന് തന്നെ പറയാം. മിഡില്‍ ഓഡറില്‍ കൂടുതല്‍ സ്ലോ ബോളുകള്‍ നേരിടേണ്ടിവരുമെന്നിരിക്കെ ടീം സെലക്ഷന് മുന്‍പ് ഇനിയുള്ള കളികള്‍ പന്തിന് നിര്‍ണ്ണായകമാണ്.

2. സഞ്ജു സാംസണ്‍ – കോഹ്ലി ഓപ്പണിങ് ഇറങ്ങിയേക്കും എന്നുള്ള റൂമറുകള്‍ സഞ്ജുവിന്റെ സെലക്ഷന് ഒരു സാധ്യത തുറന്നിടുന്നുണ്ട്. രാജസ്ഥാന് റോയല്‍സിന് വേണ്ടി നമ്പര്‍ 3 യില്‍ ഇറങ്ങി കളി നിയന്ത്രിക്കുന്ന സഞ്ജുവിന് കോഹ്ലി ഒഴിച്ചിടുന്ന നമ്പര്‍ 3 യില്‍ ഇന്ത്യക്ക് വേണ്ടിയും ആ പ്രകടനം ആവര്‍ത്തിക്കാനുള്ള ഒരു ചാന്‍സ് ഉയര്‍ന്ന് വരുന്നുണ്ട്. രോഹിത് – കോഹ്ലി – സഞ്ജു – സൂര്യ കോമ്പോ ഒരു പോസിബിളിറ്റി ആണ്.

3. കെഎല്‍ രാഹുല്‍ – ജയ്സ്വാള്‍ ഫോമിലല്ലാത്തതും കോഹ്ലിയെ നമ്പര്‍ 3 യില്‍ തന്നെ കളിപ്പിക്കാന്‍ തീരുമാനിക്കുകയും ചെയ്താല്‍ കെഎല്‍ രാഹുലിന്റെ എക്‌സ്പീരിയന്‍സിന് ഒരിക്കല്‍ കൂടി ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് കൈ കൊടുത്തേക്കാം. ഈ സീസണില്‍ പവര്‍പ്ലേയില്‍ മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിച്ചതും രാഹുലിന് അഡ്വാന്റ്റേജ് കൊടുക്കുന്നുണ്ട്.

4. ഇഷാന്‍ കിഷന്‍ – നിലവില്‍ ബിസിസിഐയുടെ ഗുഡ് ബുക്കില്‍ നിന്നും പുറത്താണെങ്കിലും കെഎല്‍ രാഹുലിനുള്ള അതേ കാരണങ്ങള്‍ കൊണ്ട് കിഷാനും സെലക്ട് ചെയ്യപ്പെടാം. 170+ സ്‌ട്രൈക്ക് റേറ്റിലാണ് ഈ ഐപിഎല്ലില്‍ കിഷന്‍ ബാറ്റ് ചെയ്യുന്നത്. വലംകൈയ്യന്‍മാര്‍ നിറഞ്ഞ ടോപ്പ് ഓഡറില്‍ ഇടംകൈയ്യന്‍ എന്ന ഫാക്ടറും രോഹിതിനൊപ്പം ഈ വര്‍ഷം MI ക്ക് വേണ്ടി മികച്ച ഓപ്പണിംഗ് പാര്‍ട്ണര്‍ഷിപ്പുകള്‍ ഉണ്ടാക്കിയതും കിഷാന് ഒരു എഡ്ജ് കൊടുക്കുന്നുണ്ട്.

5. ദിനേശ് കാര്‍ത്തിക് – പെര്‍ഫോമന്‍സ് കൊണ്ടും ടീം കോമ്പിനേഷന്‍ നോക്കിയാലും ലോകകപ്പ് സ്‌ക്വാഡിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ ഏറ്റവും സാധ്യതയുള്ള താരം. മുന്‍കാല ലോകകപ്പ് റെക്കോര്‍ഡുകള്‍ ദയനീയമാണെങ്കിലും കാര്‍ത്തികിന്റെ ഈ ഐപിഎല്ലിലെ മോഹിപ്പിക്കുന്ന ഫിനിഷിങ് മികവില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഒരിക്കല്‍ കൂടി വീഴാനാണ് സാധ്യത. കഴിഞ്ഞ സീസണേക്കാള്‍ ഇത്തവണ റിങ്കു സിങ് നിറം മങ്ങിയതും ഹാര്‍ദ്ദികിന്റേയും ജഡേജയുടേയും ഫിനിഷിങ് മികവുകള്‍ ഇല്ലാതായതും കാര്‍ത്തികിന് വലിയ ചാന്‍സ് കൊടുക്കുന്നുണ്ട്.

6. ജിതേഷ് ശര്‍മ്മ – കഴിഞ്ഞ സീസണിലെ ഫിനിഷിങ് മികവ് കൊണ്ട് ഇന്ത്യന്‍ ടീം വരെ എത്തിയ താരം ഈ സീസണിന്റെ ആദ്യ പകുതി കഴിഞ്ഞപ്പോള്‍ ഏറ്റവും നിരാശപ്പെടുത്തിയ ഒരു വിക്കറ്റ് കീപ്പര്‍ ആണ്. ടൂര്‍ണ്ണമെന്റ് തുടക്കത്തില്‍ ഈ ലോകകപ്പ് സ്‌ക്വാഡിലേക്ക് ഇടം നേടുമെന്ന് ഞാന്‍ പെഴ്‌സണലി വിശ്വസിച്ചിരുന്നെങ്കിലും ജിതേഷിന് ഇനിയൊരു ചാന്‍സ് ഉണ്ടാകുമെന്ന് കരുതുന്നില്ല.
ലോകകപ്പ് സ്‌ക്വാഡില്‍ 2 വിക്കറ്റ് കീപ്പര്‍മാരെ സെലക്ട് ചെയ്യുന്നുണ്ടെങ്കില്‍ കാര്‍ത്തികിനൊപ്പം രാഹുല്‍/കിഷന്‍/സഞ്ജു ഇവരിലൊരാള്‍ സെലക്ട് ചെയ്യപ്പെടാന്‍ തന്നെയാണ് കൂടുതല്‍ സാധ്യത

 

You Might Also Like