സഞ്ജുവിനായി ഇഷാന്‍ കിഷനെ തഴഞ്ഞു, വിശ്വസിക്കാനാകാതെ മുംബൈ ലോബി

അഫ്ഗാനിസ്ഥാനെതിരെ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ്‍ ഇടംപിടിച്ചത് തികച്ചും സര്‍പ്രൈസായി. ടി20യില്‍ കാര്യമായ പ്രകടനമൊന്നും കാഴ്ച്ചവെക്കാത്ത സഞ്ജുവിനെ ടീമിലെടുക്കാന്‍ സെലകടര്‍മാര്‍ ഇഷാന്‍ കിഷനെയാണ് പുറത്താക്കിയത്. സഞ്ജുവിനെ കൂടാതെ ജിതേഷ് ശര്‍മ്മയും വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമിലുണ്ട്.

ദക്ഷിണാഫ്രിക്കയില്‍ പ്രതികൂല സാഹചര്യത്തില്‍ സഞ്ജു സെഞ്ച്വറി നേടിയതാണ് സെലക്ടര്‍മാര്‍ മലയാളി താരത്തെ വിശ്വസിക്കാന്‍ തീരുമാനിക്കാന്‍ കാരണം. സഞ്ജുവിന്റെ സെഞ്ച്വറി ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര എന്ന നേട്ടവും സമ്മാനിച്ചിരുന്നു.

ഇതോടെയാണ് കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇന്ത്യന്‍ ടീമിനൊപ്പം സഞ്ചരിച്ച ഇടംകൈയ്യന്‍ ബാറ്റര്‍ കൂടിയായ ഇഷാന്‍ കിഷനെ ഒഴിവാക്കാന്‍ അജിത് അഗാര്‍ക്കര്‍ക്ക് കീഴിലുളള സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചത്. ടി20 ലോകകപ്പിന് മുമ്പുളള അവസാന പരമ്പര ആയതിനാല്‍ ഈ പരമ്പരയില്‍ കൂടി മികച്ച പ്രകടനം കാഴ്ച്ചവെക്കാനായാല്‍ സഞ്ജുവിന് ടി20 ലോകകപ്പ് കളിക്കാനും അവസരം ലഭിച്ചേക്കും.

രോഹിത് ശര്‍മ ക്യാപ്റ്റനായി തിരിച്ചെത്തിയെന്നുള്ളതാണ് പ്രധാന സവിശേഷത. സീനിയര്‍ താരം വിരാട് കോഹ്ലിയും അഫ്ഗാനെതിരെ പരമ്പരയില്‍ ടീമിലുണ്ട്. ജൂണില്‍ നടക്കുന്ന ടി20 ലോകകപ്പ് മുന്‍ നിര്‍ത്തിയാണ് ഇരുവരും ടീമിലെത്തിയത്. കെ എല്‍ രാഹുലിന് വിശ്രമം അനുവദിച്ചു. മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര ഈ മാസം 11നാണ് ആരംഭിക്കുന്നത്.

കോഹ്ലിയു രോഹിത്തും ടീമില്‍ തിരിച്ചെത്തുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. അടുത്ത ടി20 ലോകകപ്പ് കളിക്കാന്‍ ഇരുവരും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ടി20 ലോകകപ്പ് സെമി ഫൈനലില്‍ പരാജയപ്പെട്ട ശേഷം ഇരുവരും ടി20 മത്സരങ്ങള്‍ കളിച്ചിരുന്നില്ല. പിന്നീട് ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിച്ചത്. ഹാര്‍ദിക്കിന് പരിക്കേറ്റപ്പോള്‍ സൂര്യകുമാര്‍ യാദവിനേയും നായകനാക്കിയിരുന്നു. നിലവില്‍ ഇരുവര്‍ക്കും പരിക്കാണ്. അതുകൊണ്ടുതന്നെ ടീമിലേക്ക് പരിഗണിച്ചില്ല. റുതുരാജ് ഗെയ്കവാദിനും ടീമിലിടം നേടാനായില്ല.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, യഷസ്വി ജെയ്സ്വാള്‍, വിരാട് കോഹ്ലി, തിലക് വര്‍മ, റിങ്കു സിംഗ്, ജിതേഷ് ശര്‍മ, സഞ്ജു സാംസണ്‍, ശിവം ദുബെ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, രവി ബിഷ്ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, ആവേഷ് ഖാന്‍, മുകേഷ് കുമാര്‍.

You Might Also Like