അവസരം കിട്ടിയാല്‍ കളിയ്ക്കും, ഇല്ലങ്കിലില്ല, തുറന്നടിച്ച് സഞ്ജു

മലയാളി നായകന്‍ സഞ്ജു സാംസണിന് കീഴില്‍ രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫില്‍ എത്തിയ സന്തോഷത്തിലായിരുന്നു മലയാളികള്‍. എന്നാല്‍ ആ ആവേശം പെട്ടെന്ന് കെട്ടടങ്ങിയത് ഇന്ത്യയുടെ ടീം പ്രഖ്യാപനത്തോടെയായിരുന്നു. ടീമില്‍ സഞ്ജുവിനെ തഴഞ്ഞാതാണ് ആ സന്തോഷം അല്‍പം മങ്ങലേല്‍ക്കാന്‍ കാരണം. ഇതോടെ ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ആരാധകര്‍ നടത്തുന്നത്.

സഞ്ജുവിനു ദേശീയ ടീമില്‍ സ്ഥാനം നഷ്ടമായതിനു പിന്നാലെ അടുത്തിടെ അദ്ദേഹം നല്‍കിയ ഒരു അഭിമുഖത്തിലെ വാക്കുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാംപ്യന്‍സെന്ന ഷോയില്‍ ഗൗരവ് കപൂറിനോടു സംസാരിക്കവെ സഞ്ജു സാംസണ്‍ നല്‍കിയ ഒരു മറുപടിയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്ത് വൈറലാക്കിയിരിക്കുന്നത്.

കളിക്കാന്‍ അവസരം ലഭിക്കുകയാണെങ്കില്‍ ഞാന്‍ കളിക്കും. അവസരം ലഭിച്ചില്ലെങ്കില്‍ ഞാന്‍ കളിക്കുകയുമില്ല എന്നായിരുന്നു സഞ്ജുവിന്റെ വാക്കുകള്‍.

ഇന്ത്യന്‍ ടീമിനു വേണ്ടി ഒരുപാട് റണ്‍സ് നേടുന്നതിനല്ല, മറിച്ച് ഒരു ഇംപാക്ട് സൃഷ്ടിക്കുന്ന ഇന്നിങ്സ് കളിക്കാനാണ് ആഗ്രഹമെന്നും സഞ്ജു ആ അഭിമുഖത്തില്‍ തുറന്ന് പറയുന്നുണ്ട്.

രാജസ്ഥാന്‍ റോയല്‍സിനായി ബാറ്ററെന്ന നിലയില്‍ മോശമല്ലാത്ത പ്രകടനമാണ് സഞ്ജു സാംസണ്‍ കാഴ്ചവച്ചത്. 14 മല്‍സരങ്ങളില്‍ നിന്നും 147.24 സ്ട്രൈക്ക് റേറ്റില്‍ 374 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. രണ്ടു ഫിഫ്റ്റികളടക്കമായിരുന്നു ഇത്. സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍ 55 റണ്‍സാണ്. 35 ബൗണ്ടറികളും 21 സിക്സറും അദ്ദേഹം അടിച്ചെടുത്തിട്ടുണ്ട്.

ഈ സീസണില്‍ റോയല്‍സിനു വേണ്ടി ഏറ്റവുമധികം റണ്‍സെടുത്ത രണ്ടാമത്തെ താരം കൂടിയാണ് സഞ്ജു. 629 റണ്‍സോടെ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ ജോസ് ബട്ലറാണ് തലപ്പത്ത്.

You Might Also Like