അങ്ങനെയെങ്കില്‍ ഏത് സ്‌കോറും ചെയ്‌സ് ചെയ്യാനാകും, തുറന്നടിച്ച് സഞ്ജു

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ തകര്‍പ്പന്‍ ജയം നേടിയതിന് പിന്നാലെ തങ്ങളുടെ വിജയശില്‍പി ജോസ് ബട്‌ലറെ പ്രശംസ കൊണ്ട് മൂടി രാജസ്ഥാന്‍ റോയല്‍ നായകന്‍ സഞ്ജു സാംസണ്‍. ജോസ് ബട്‌ലര്‍ 20 ഓവര്‍ ബാറ്റു ചെയ്താല്‍ ഏതു സ്‌കോറും ചെയ്‌സ് ചെയ്യാന്‍ സാധിക്കുമെന്നാണ് സഞ്ജു പറയുന്നത്. മത്സര ശേഷം അവാര്‍ഡ് ദാന ചടങ്ങി സഞ്ജയ് മഞ്ജരേക്കര്‍ക്കൊപ്പം സംസാരിക്കുകയായിരുന്നു സഞ്ജു.

‘ഈ വിജയത്തില്‍ സന്തോഷം പറഞ്ഞറിക്കാനാകില്ല. നഷ്ടപ്പെട്ട വിക്കറ്റുകള്‍ പോലെ ഞങ്ങള്‍ എങ്ങനെ കളിയിലേക്ക് വരും എന്ന് ചിന്തിച്ചു. റോവ്മാന്‍ രണ്ട് സിക്സറുകള്‍ അടിച്ചു, അപ്പോഴാണ് ഞങ്ങള്‍ കളിയില്‍ ഉണ്ടെന്ന് ഞങ്ങള്‍ക്ക് തോന്നിയത്’ സഞ്ജു പറഞ്ഞു.

‘അവരും നന്നായി കളിച്ചു. അവര്‍ക്കുണ്ടായിരുന്ന സ്പിന്നിന്റെ നിലവാരം മികച്ചതായിരുന്നു, അവര്‍ നന്നായി പന്തെറിഞ്ഞു. ഈ ഗ്രൗണ്ട് സ്പിന്നര്‍മാര്‍ക്ക് അനുയോജ്യമാണ്. എന്നാല്‍ ബട്‌ലര്‍ കഴിഞ്ഞ 6-7 വര്‍ഷങ്ങളില്‍ ഞങ്ങള്‍ക്കായി ഇതുപോലെ വിജയശില്പിയാകുന്നു. അദ്ദേഹത്തിന്റെ മികച്ച ഇന്നിംഗ്‌സില്‍ എല്ലാത്തിനും മുകളില്‍ നില്‍ക്കും’ സഞ്ജു പറഞ്ഞു.

ബട്‌ലര്‍ 20 ഓവര്‍ ബാറ്റു ചെയ്താല്‍ ചെയ്‌സ് ചെയ്യാന്‍ പറ്റാത്ത ഒരു സ്‌കോറും ഇല്ല എന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ രണ്ട് വിക്കറ്റന്റെ ജയമാണ് രാജസ്ഥാന്‍ റോയല്‍സ് നേടിയത്. കൊല്‍ക്കത്ത ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു. സെഞ്ച്വറി നേടിയ ബട്‌ലറാണ് രാജസ്ഥാന്റെ വിജയശില്‍പി. മത്സരം അവസാനിക്കുമ്പോള്‍ 60 പന്തില്‍ 107 റണ്‍സ് എടുത്ത് ബട്‌ലര്‍ പുറത്താകാതെ നിന്നു.

You Might Also Like