ലോകകപ്പില്‍ ഒന്നാം വിക്കറ്റ് കീപ്പര്‍ സഞ്ജു തന്നെ, നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്

Image 3
CricketCricket News

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇനി ഏത് സമയത്തും പ്രഖ്യാപിച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മലയാളി ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാകും എന്ന് പ്രമുഖ കായിക മാധ്യമമായ ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐപിഎല്ലില്‍ സഞ്ജു നടത്തുന്ന സ്ഥിരതയാര്‍ന്ന പ്രകടനമാണ് സെലക്ടര്‍മാരെ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിച്ചിരിക്കുന്നത്. ഐപിഎല്ലില്‍ റണ്‍വേട്ടയില്‍ നിലവില്‍ നാലാം സ്ഥാനത്താണ് സഞ്ജു. കൂടാതെ ക്യാപ്റ്റനെന്ന നിലയിലും കീപ്പറെന്ന നിലയിലും സ്വപ്‌ന സമാന ഫോമിലാണ് മലയാളി താരം. ഈ സാഹചര്യത്തിലാണ് സഞ്ജുവിനെ ഇന്ത്യ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കുന്നത്.

സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന് സീസണില്‍ ആകെ ഒരു മത്സരത്തില്‍ മാത്രമേ തോല്‍വി രുചിക്കേണ്ടി വന്നിട്ടുള്ളൂ. കളിച്ച ഒന്‍പതില്‍ എട്ടു മത്സരങ്ങളിലും ജയിച്ച ടീം പോയിന്റ് ടേബിളില്‍ ഒന്നാമതാണ്.

റണ്‍വേട്ടയിലും സഞ്ജു മാസ് ആണ്. ഒമ്പത് മത്സരങ്ങളില്‍ 385 റണ്‍സാണ് സഞ്ജു നേടിയിട്ടുളളത്. 77 റണ്‍സാണ് സഞ്ജുവിന്റെ ശരാശരി. 161.09 സ്‌ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ റണ്‍വേട്ട.

ലോകകപ്പ് ടീമില്‍ രണ്ടാമതൊരാളായി റിഷഭ് പന്തിനെയാണോ കെ.എല്‍. രാഹുലിനെയാണോ പരിഗണിക്കേണ്ടത് എന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. ഐപിഎല്ലില്‍ വെടിക്കെട്ട് ബാറ്റിങ് തുടരുന്ന ദിനേശ് കാര്‍ത്തിക്കിനെയും പരിഗണിക്കണമെന്നുള്ള ആവശ്യമുയര്‍ന്നിട്ടുണ്ട്.