സഞ്ജു ടീം ഇന്ത്യയുടെ നായകനാകണം, ഒടുവില്‍ അക്കാര്യം ആവശ്യപ്പെട്ട് റെയ്‌നയും

Image 3
CricketCricket News

ജൂണില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് ഏത് സമയവും പ്രഖ്യാപിക്കാനിരിക്കവെ മലയാളി താരം സഞ്ജു സാംസണിന് പിന്തുണയേറുന്നു. ഏറ്റവും ഒടുവില്‍ ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്നയാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനെ പിന്തുണച്ച് രംഗത്തു വന്നിരിക്കുന്നത്.

ടി20 ലോകകപ്പില്‍ സഞ്ജു തീര്‍ച്ചയായും ടീമില്‍ വേണമെന്നാണ് തന്റെ അഭിപ്രായമെന്നാണ് റെയ്ന വ്യക്തമാക്കിയത്. മാത്രമല്ല രോഹിത് ശര്‍മയ്ക്കു ശേഷം ടി20യില്‍ ഇന്ത്യന്‍ ക്യാപ്റ്റനായി മാറാനും സഞ്ജുവിന് സാധിക്കുമെന്നും റെയ്ന ചൂണ്ടിക്കാട്ടി.

ടി20 ലോകകപ്പില്‍ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായി ഞാന്‍ പ്രഥമ പരിഗണന നല്‍കുന്നത് സഞ്ജുവിനാണ്. അവന്റെ പക്കല്‍ ഒരുപാട് വൈവിധ്യമാര്‍ന്ന ഷോട്ടുകളുണ്ട്. ലോകകപ്പില്‍ ടീമിന്റെ തുറുപ്പുചീട്ടാവാനും സഞ്ജുവിനു സാധിക്കും. കൂടാതെ ക്യാപ്റ്റന്‍ റോളിലേക്കും അനുയോജ്യനാണ് അദ്ദേഹം. രോഹിത് ശര്‍മയ്ക്കു ശേഷം തീര്‍ച്ചയായും ഇന്ത്യയെ നയിക്കാന്‍ സഞ്ജുവിനു കഴിയും’ റെയ്ന വ്യക്തമാക്കി.

സഞ്ജുവിനെ ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു നിര്‍ദേശിക്കുന്ന രണ്ടാമത്തെ പ്രമുഖ താരം കൂടിയാണ് റെയ്ന. അടുത്തിടെ മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങും സമാനമായ അഭിപ്രായ പ്രകടനം നടത്തിയിരുന്നു.

ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയിലും വിക്കറ്റ് കീപ്പര്‍ ബാറ്ററെന്ന നിലയിലും ഉജ്ജ്വല പ്രകടനമാണ് സഞ്ജു നടത്തിക്കൊണ്ടിരിക്കുന്നത്. ഈ സീസണില്‍ കളിച്ച ഒമ്പതു മല്‍സരങ്ങളിലും എട്ടിലും റോയല്‍സ് ജയിച്ചുകഴിഞ്ഞു. 16 പോയിന്റോടെ തലപ്പത്തുള്ള സഞ്ജുവിന്റെ പിങ്ക് ആര്‍മി പ്ലേഓഫ് ബെര്‍ത്തും ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു.

മാത്രമല്ല ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സുള്ള ഇന്ത്യന്‍ വിക്കറ്റ് കീപ്പറും അദ്ദേഹം തന്നെയാണ്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 385 റണ്‍സ് സഞ്ജു അടിച്ചെടുത്തു കഴിഞ്ഞു. 77 ശരാശയില്‍ 161.08 സ്ട്രൈക്ക് റേറ്റോടെയാണിത്. നാലു ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ഇതിലുള്‍പ്പെടുന്നു. പുറത്താവാതെ നേടിയ 82 റണ്‍സാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം.