സഞ്ജു അതിഗംഭീര ക്യാപ്റ്റന്‍, അനാവശ്യ ഇടപെടലുകളൊന്നുമില്ല, തുറന്ന് പറഞ്ഞ് രാജസ്ഥാന്‍ സൂപ്പര്‍ താരം

ഐപിഎല്ലില്‍ കരുത്തരുടെ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ 12 റണ്‍സിന് തോല്‍പ്പിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ആദ്യം ബാറ്റുചെയ്ത രാജസ്ഥാന്‍ റോയല്‍സ് 5 വിക്കറ്റിന് 185 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ ഡല്‍ഹി 5 വിക്കറ്റിന് 173 റണ്‍സാണ് നേടിയത്. അവസാന ഓവറിലേക്ക് നീണ്ട ആവേശത്തില്‍ 12 റണ്‍സിനാണ് രാജസ്ഥാന്റെ ജയം.

സഞ്ജു സാംസണിന്റെ ഗംഭീര ക്യാപ്റ്റന്‍സി രാജസ്ഥാന്റെ ജയത്തില്‍ വളരെ നിര്‍ണ്ണായകമായിരുന്നു. അവസാന ഓവറില്‍ 17 റണ്‍സായിരുന്നു രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. ട്രന്റ് ബോള്‍ട്ട്, ആവേശ് ഖാന്‍, നാന്ദ്രേ ബര്‍ഗര്‍, ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍ എന്നിവര്‍ക്കെല്ലാം ഓരോ ഓവര്‍ ബാക്കിയുള്ളപ്പോഴാണ് എല്ലാവരേയും ഞെട്ടിച്ച് ആവേശ് ഖാന് സഞ്ജു പന്ത് നല്‍കുന്നത്.

ഐപിഎല്ലിലെ ചെണ്ട ബൗളര്‍ വിശേഷണമുള്ള താരമാണ് ആവേശ് ഖാന്‍. അതുകൊണ്ടുതന്നെ അവസാന ഓവറില്‍ സഞ്ജു ആവേശിനെ പന്തേല്‍പ്പിച്ചത് മണ്ടത്തരമാകുമെന്നാണ് എന്നാവരും കരുതിയത്. എന്നാല്‍ ആവേശ് ക്യാപ്റ്റന്റെ വിശ്വാസം കാത്തു. വെറും നാല് റണ്‍സ് മാത്രമാണ് ആവേശ് അവസാന ഓവറില്‍ വിട്ടുകൊടുത്തത്.

ഇപ്പോഴിതാ അവസാന ഓവറിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ നായകന്‍ സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സി മികവിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആവേശ് ഖാന്‍. സഞ്ജു സാംസണ്‍ പൂര്‍ണ്ണ പിന്തുണ നല്‍കുന്ന നായകനാണെന്നും അനാവശ്യമായ ഇടപെടല്‍ നടത്താതെ പന്തെറിയാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുമെന്നുമാണ് ആവേശ് പറയുന്നത്.

‘സഞ്ജു സാംസണ്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്ന ക്യാപ്റ്റനാണ്. എവിടെയാണ് പന്തെറിയാന്‍ ആഗ്രഹിക്കുന്നോ അവിടെ പന്തെറിയാനാണ് സഞ്ജു പറഞ്ഞത്. എന്റെ പദ്ധതികള്‍ ഫലം കാണാത്ത സാഹചര്യത്തില്‍ മാത്രമാണ് സഞ്ജു സഹായിക്കാനെത്തുന്നത്’ ആവേശ് പറഞ്ഞു.

‘ആരുമായും മത്സരിക്കാന്‍ ഞാനില്ല. എന്റെ ജോലി മികച്ച പ്രകടനത്തോടെ ടീമിനെ ജയിപ്പിക്കുകയെന്നതാണ്. ടീം തിരഞ്ഞെടുപ്പ് എന്റെ കൈയിലുള്ള കാര്യമല്ല. ഷെയ്ന്‍ ബോണ്ട്, കുമാര്‍ സംഗക്കാര, സഞ്ജു സാംസണ്‍ എന്നിവര്‍ പൂര്‍ണ്ണ പിന്തുണ നല്‍കി എന്നെ സഹായിക്കുന്നുണ്ട്’ ആവേശ് കൂട്ടിച്ചേര്‍ത്തു.

You Might Also Like