കീപ്പറാക്കി ഒതുക്കരുത്, സ്വപ്‌നം ഇന്ത്യയ്ക്കായി ആ ഫോര്‍മാറ്റ് കളിക്കാന്‍, സഞ്ജു സാംസണ്‍

ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കുകയാണ് തന്റെ സ്വപ്നമെന്ന് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. മികച്ച ക്രിക്കറ്റ് താരമാവണം എങ്കില്‍ ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിരിക്കണം എന്ന് സഞ്ജു പറഞ്ഞു. മിഡ് ഡേക്ക് നല്‍കിയ അഭിമുഖത്തില്‍ ആണ് സഞ്ജു സാംസണ്‍ ഇക്കാര്യം പറഞ്ഞത്.

‘ടെസ്റ്റ് ക്രിക്കറ്റ് ആണ് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത്. ടെസ്റ്റില്‍ എന്റെ രാജ്യത്തെ പ്രതിനിധീകരിച്ച് കളിക്കുക എന്നതാണ് എല്ലായ്പ്പോഴും എന്റെ സ്വപ്നം. എന്നാല്‍ ഒരു സമയം ഒരു ചുവട് എന്നതേ പാടുള്ളെന്നും ഞാന്‍ തിരിച്ചറിയുന്നു. അതിനാല്‍ പതിയെ, ക്ഷമയോടെ അത് സംഭവിക്കാന്‍ ഞാന്‍ കാത്തിരിക്കും’ സഞ്ജു പറഞ്ഞു.

ടി20 ക്രിക്കറ്റില്‍ വിജയിക്കുന്നതിനേക്കാള്‍ കൂടുതല്‍ തോല്‍ക്കാനാണ് സാധ്യത. എന്നാല്‍ ഞാന്‍ ഒരുങ്ങിയ വിധത്തില്‍ എനിക്ക് പൂര്‍ണ തൃപ്തിയുണ്ട്. വിജയം നമുക്ക് ചുറ്റുമുണ്ട്. എന്താണോ ചെയ്യുന്നത് അത് ചെയ്യുന്നത് തുടരുകയും, നന്നായി ഒരുങ്ങുകയും ചെയ്യുക എന്നതാണ് എനിക്ക് വേണ്ടത്. എപ്പോഴാണ് പോസിറ്റീവ് ഫലങ്ങള്‍ നിങ്ങളെ പിന്തുടരുക എന്ന് പറയാനാവില്ല, സഞ്ജു പറഞ്ഞു.

എത്ര റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ സാധിക്കുമോ അത്രയും എനിക്ക് ചെയ്യണം. ബാറ്റിങ്ങിനാണ് എന്റെ പ്രാഥമിക പരിഗണന. കഴിഞ്ഞ ഏഴ് എട്ട് വര്‍ഷമായി വിക്കറ്റ് കീപ്പറായി മാത്രമല്ല ഞാന്‍ കളിച്ചത്, റെഗുലര്‍ ഫീല്‍ഡറായും കളിച്ചു. ക്രിക്കറ്റര്‍ എന്ന നിലയില്‍ അതെനിക്ക് പല ഡൈമെന്‍ഷനുകള്‍ തരുന്നതായും സഞ്ജു പറഞ്ഞു.

നിലവില്‍ സയ്യിദ് മുഷ്താഖ് അലി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിനായുളള തയ്യാറെടുപ്പിലാണ് സഞ്ജു സാംസണ്‍. കേരള ടീമിന്റെ നായകനായ സഞ്ജു കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണ ഇറങ്ങുന്നത്.

You Might Also Like