കേരളത്തിലെവിടെ പോയാലും വലിയ തലവേദനയായിരുന്നു ആ ചോദ്യം, അതിനുളള ഉത്തരമാണ് ഈ സീസണെന്ന് സഞ്ജു

ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ടാം ജയം നേടിയ ആവേശത്തിലാണ് രാജസ്ഥാന്‍ റോയല്‍സ്. മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിജയശില്‍പി ആയതും റിയാഗ് പരാഗ് ആയിരുന്നു. ബാറ്റിംഗില്‍ തകര്‍ന്ന് കൊണ്ടിരുന്ന രാജസ്ഥാനെ 45 പന്തില്‍ ഏഴ് ഫോറും ആറ് സിക്‌സും സഹിതം പുറത്താകാതെ 84 റണ്‍സ് നേടി 185 റണ്‍സെടുന്ന പൊരുതാവുന്ന സ്‌കോറിലെത്തിക്കുകയായിരുന്നു.

നോര്‍ക്കിയ എറിഞ്ഞ അവസാന ഓവറില്‍ 25 റണ്‍സാണ് താരം നേടിയത്. മത്സരത്തില്‍ 12 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സ് ജയിച്ചത്.

മത്സര ശേഷം പരാഗിനെ പ്രശംസിച്ച് സഞ്ജു സാംസണ്‍ എത്തി. താനെവിടെ പോയാലും പരാഗിനെ കുറിച്ചുളള ചോദ്യങ്ങളാണ് നേരിട്ടതെന്നും അതിനുളള ഉത്തരമാണ് പരാഗിന്റെ പ്രകടനമെന്നും സഞ്ജു മത്സരശേഷം സഞ്ജയ് മഞ്ജരേക്കറോട് പറഞ്ഞു.

‘കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി റിയാന്റെ പേര് കേള്‍ക്കുന്നുണ്ട്. കേരളത്തില്‍ ഞാന്‍ പോകുന്നിടത്തെല്ലാം എന്നോട് ചോദിക്കും, പരാഗ് എപ്പോഴാണ് നല്ല കളി കളിക്കുക എന്ന് ? അത് ഈ സീസണാണ്. ‘ പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ സഞ്ചു സാംസണ്‍ പറഞ്ഞു.

ഭാവിയില് ഇന്ത്യന്‍ ക്രിക്കറ്റിനു ഒരുപാട് നല്‍കാന്‍ പരാഗിന് ഉണ്ടെന്നും സഞ്ജു സാംസണ്‍ കൂട്ടിചേര്‍ത്തു. സഞ്ജുവിനെ കൂടാതെ ഇര്‍ഫാന്‍ പത്താനും ഇക്കാര്യം പ്രവചിക്കുന്നുണ്ട്. അടുത്ത രണ്ട് വര്‍ഷത്തിനുളള പരാഗ് ഇന്ത്യയ്ക്കായി കളിക്കുമെന്നാണ് പത്താന്റെ പ്രവചനം.

You Might Also Like