സഞ്ജുവോ ഇഷാനോ? കീപ്പിംഗില്‍ ദ്രാവിഡിന് മുന്നിലെ വന്‍ തലവേദന

ശ്രീലങ്കയ്‌ക്കെതിരെ ഏകദിന, ടി20 പരമ്പരയ്ക്ക് യുവതാരങ്ങളുമായി ടീം ഇന്ത്യ ഇറങ്ങുമ്പോള്‍ കോച്ച് രാഹുല്‍ ദ്രാവിഡിന് മുന്നിലെ പ്രധാന വെല്ലുവിളി കീപ്പിംഗില്‍ ആരെ പരിഗണിയ്ക്കും എന്ന കാര്യത്തിലാണ്. ടീമിലെ രണ്ട് പ്രധാന താരങ്ങള്‍ വിക്കറ്റ് കീപ്പര്‍മാരായതാണ് ദ്രാവിഡും നായകന്‍ ശിഖര്‍ ധവാനും നേരിടുന്ന വലിയ വെല്ലുവിളി.

മലയാളി താരം സഞ്ജു സാംസണും മുംബൈ ഇന്ത്യന്‍സ് തുറുപ്പ് ചീട്ട് ഇഷന്‍ കിഷന്‍ എന്നീ കളിക്കാരെയാണ് ലങ്കന്‍ പര്യടനത്തില്‍ വിക്കറ്റ് കീപ്പര്‍മാരായി തെരഞ്ഞെടുത്തിരിക്കുന്നത്. മൂന്ന് ടി20യും മൂന്ന് ഏകദിനവും അടങ്ങുന്നതാണ് പരമ്പരയില്‍ ആരെയാവും ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറെന്ന കാര്യത്തില്‍ ടീം ഇന്ത്യയ്ക്ക് തലപുകയ്‌ക്കേണ്ടി വരും.

ഇന്ത്യന്‍ അണ്ടര്‍ 19, ഇന്ത്യ എ, ഇന്ത്യ ബി, ഇന്ത്യ സി , ഇന്ത്യ റെഡ്, മുംബൈ ഇന്ത്യന്‍സ് എന്നീ ടീമുകളിലെല്ലാം കളിച്ച അനുഭവസമ്പത്ത് 22കാരനായ ഇഷന്‍ കിഷനുണ്ട്. ഇന്ത്യന്‍ സീനിയര്‍ ടീമിന് വേണ്ടി രണ്ട് ടി20 മത്സരങ്ങളാണ് ഇഷന്‍ ഇതുവരെ കളിച്ചത്. അതില്‍ നിന്ന് ഒരു അര്‍ധ ശതകം ഉള്‍പ്പെടെ നേടിയത് 60 റണ്‍സും താരം നേടിക്കഴിഞ്ഞു. സ്‌ട്രൈക്ക്‌റേറ്റ് 146.34. അരങ്ങേറ്റ ടി20യില്‍ 32 പന്തില്‍ നിന്ന് 56 റണ്‍സ് ആണ് ഇഷന്‍ അടിച്ചെടുത്തത്. ഐപിഎല്ലില്‍ 56 മത്സരങ്ങളാണ് ഇഷന്‍ കിഷന്‍ ഇതുവരെ കളിച്ചത്. അതില്‍ നിന്ന് നേടിയത് 1284 റണ്‍സ്.

മറുവശത്ത് ഇഷന്‍ കിഷനേക്കാള്‍ ഐപിഎല്ലില്‍ മത്സര പരിചയം കൂടുതല്‍ സഞ്ജുവിനാണ്. 114 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 2861 റണ്‍സ് ആണ് സഞ്ജു നേടിയത്. സ്‌ട്രൈക്ക്‌റേറ്റ് 134.82. രാജസ്ഥാന്റെ നായക സ്ഥാനത്തേക്ക് എത്തിയതും സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടിയതും സഞ്ജുവിന്റെ സാധ്യതകള്‍ കൂട്ടുന്നു.

എന്നാല്‍ ഇന്ത്യന്‍ കുപ്പായത്തില്‍ ഇതുവരെ തിളങ്ങാന്‍ സഞ്ജുവിന് കഴിഞ്ഞിട്ടില്ല. ഏഴ് ഇന്നിങ്‌സില്‍ നിന്ന് നേടിയത് 83 റണ്‍സ് മാത്രം. ബാറ്റിങ് ശരാശരി 11.86. ഇവിടെ ഒരു വട്ടം പോലും സ്‌കോര്‍ 30ന് മുകളില്‍ കൊണ്ടുവരാന്‍ സഞ്ജുവിന് കഴിഞ്ഞിട്ടില്ല എന്നത് പോരായിമയാണ്.

You Might Also Like