ലോകകപ്പിന് ശേഷം ഇന്ത്യയുടെ പ്രധാനതാരമാകും, സഞ്ജുവിനെ കുറിച്ച് വന്‍ പ്രവചനവുമായി ചീഫ് സെലക്ടര്‍

ടി20 ലോകകപ്പിന് ശേഷം മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയുടെ പ്രധാന താരങ്ങളില്‍ ഒരാളായി മാറുമെന്ന് പ്രവചിച്ച് മുന്‍ ഇന്ത്യന്‍ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. സഞ്ജുവിനെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ചുളള ചോദ്യത്തിനാണ് എംഎസ്‌കെ പ്രസാദ് ഇപ്രകാരം പ്രതികരിച്ചത്. നിലവില്‍ ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളില്‍ സഞ്ജു സാംസണ്‍ ഇല്ലെന്നും പ്രസാദ് വ്യക്തമാക്കി.

‘ദീപക് ഹൂഡ ടീമിന് ഒരു എക്‌സ്ട്രാ ബൗളിങ് ഓപ്ഷന്‍ നല്‍കുന്നു. അവന് സഞ്ജുവിനെ പോലെ ഏതൊരു പൊസിഷനിലും ബാറ്റ് ചെയ്യാനുള്ള കഴിവുണ്ട്. ശ്രേയസ് അയ്യര്‍ ശ്രീലങ്കയ്‌ക്കെതിരെയും വിന്‍ഡീസിനെതിരെയും നടന്ന ഹോം സിരീസുകളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. ടീം മാനേജ്‌മെന്റ് സഞ്ജുവിനെ എടുക്കുമായിരുന്നുവെങ്കില്‍ ഈ കഴിഞ്ഞ ഏഷ്യ കപ്പിലോ അല്ലെങ്കില്‍ വരുന്ന ടി20 പരമ്പരകളിലോ അവന് അവസരം നല്‍കിയേനെ. പ്രസാദ് പറഞ്ഞു.

‘സഞ്ജുവിനെ ഉള്‍പെടുത്തിയില്ലെങ്കില്‍ അവന്‍ ലോകകപ്പിനുള്ള സ്‌കീമില്‍ ഇല്ലായെന്ന് തന്നെയാണ് അര്‍ത്ഥം. പക്ഷേ ലോകകപ്പിന് ശേഷം സഞ്ജുവും രവി ബിഷ്‌നോയും ഇഷാന്‍ കിഷനും അടക്കമുളള താരങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും അവര്‍ ഇന്ത്യന്‍ ടി20 ടീമിലെ പ്രാധാന താരങ്ങളായി മാറും’ എംഎസ്‌കെ പ്രസാദ് കൂട്ടിച്ചേര്‍ത്തു.

നേരത്തെ സഞ്ജുലിനെ ലോകകപ്പ് ടീമില്‍ നിന്ന് പുറത്താക്കിയതിനെതിരെ വ്യാപക വിമര്‍ശനം ക്രിക്കറ്റ് ലോകത്ത് നിന്നും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ സഞ്ജുവിന്റെ പേര് ചര്‍ച്ചയായിട്ടില്ലെന്ന് ബിസിസിഐ അനൗദ്യോഗി വിശദീകരണവും നല്‍കിയിരുന്നു.

You Might Also Like