സച്ചിനോ, കോഹ്ലിയോ ആരാണ് മികച്ചത്?, ഉത്തരം പറഞ്ഞ് കപില്‍ദേവ്

ഇന്ത്യന്‍ ക്രിക്കറ്റിലെ ബാറ്റിംഗ് ഇതിഹാസ താരങ്ങളാണ് സച്ചിന്‍ ടെന്‍ഡുക്കറും വിരാട് കോഹ്ലിയും. സെഞ്ച്വറികളുടെ എണ്ണത്തിലും പ്രതിഭയിലുമെല്ലാം ഒരേപോലെ താരതമ്യത്തിന് അര്‍ഹരായവര്‍. ഇപ്പോഴിതാ സച്ചിന്‍ ടെണ്ടുല്‍ക്കറോ അതോ വിരാട് കോഹ്ലിയോ ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ ആരാണെന്ന ചോദ്യത്തിന് മറുപടി നല്‍കി ഇന്ത്യയുടെ ഇതിഹാസ നായകന്‍ കപില്‍ ദേവ്.

അടുത്തിടെ നടന്ന അഭിമുഖത്തിലാണ് കോഹ്ലിയാണോ സച്ചിനാണോ മികച്ച ഏകദിന ബാറ്റ്‌സ്മാന്‍ എന്ന ചോദ്യത്തിന് കപില്‍ ദേവ് മറുപടി നല്‍കിയത്. തനിക്ക് ഇഷ്ടപ്പെട്ട താരം ഉണ്ടാകുമെങ്കിലും ഓരോ തലമുറകള്‍ മാറുമ്പോഴും ബാറ്റ്‌സ്മാന്മാര്‍ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

‘അത്തരത്തിലുള്ള കളിക്കാരന്‍ അതില്‍ നിന്നും ഒന്നോ രണ്ടോ പേരെ മാത്രം തിരഞ്ഞെടുക്കാന്‍ കഴിയില്ല. എനിക്ക് എന്റേതായ ഇഷ്ടവും അനിഷ്ടവും ഉണ്ടാകാം. പക്ഷേ ഓരോ തലമുറയും മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ കാലഘട്ടത്തില്‍ സുനില്‍ ഗവാസ്‌കറായിരുന്നു ഏറ്റവും മികച്ച ബാറ്റ്‌സമാന്‍’ കപില്‍ പറയുന്നു.

‘അതിന് ശേഷം സച്ചിനെയും രാഹുല്‍ ദ്രാവിഡിനെയും വീരേന്ദര്‍ സെവാഗിനെയും നമ്മള്‍ കണ്ടു. ഇപ്പോള്‍ ഈ കാലഘട്ടത്തില്‍ രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും, ഇവര്‍ക്ക് ശേഷമുള്ള അടുത്ത കാലഘട്ടം ഇതിലും മികച്ചവരായിരിക്കും. മികച്ച ക്രിക്കറ്റ് താരങ്ങളെ ഇനി കാണുകയും അവര്‍ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുകയും ചെയ്യും’ കപില്‍ ദേവ് പറഞ്ഞു.

ഇനി നാല് സെഞ്ചുറി കൂടെ നേടിയാല്‍ സച്ചിനെ പിന്നിലാക്കികൊണ്ട് ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡ് കോഹ്ലിക്ക് സ്വന്തമാക്കാം. എന്നാലും ഒരോ തലമുറയിലും വ്യത്യസ്ത പ്രതിഭകളാണെന്നും അവരെ ഈ അര്‍ത്ഥത്തില്‍ താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് കപില്‍ പറയാതെ പറയുന്നത്.

 

You Might Also Like