ഇപ്പോഴാണ് സച്ചിന്‍ കളിച്ചിരുന്നെങ്കില്‍ ഒരു ലക്ഷം റണ്‍സ് അടിച്ചെടുത്തേനെ, തുറന്ന് പറഞ്ഞ് പാക് താരം

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇപ്പോഴാണ് കളിച്ചിരുന്നതെങ്കില്‍ ഒരു ലക്ഷത്തിലേറെ റണ്‍സ് അനായാസം അടിച്ചെടുക്കുമായിരുന്നെന്ന് പാകിസ്ഥാന്‍ പേസര്‍ ഷുഐബ് അക്തര്‍. ബാറ്റ്‌സ്മാന്‍മാര്‍ക്ക് അനുകൂലമായ ഐസിസിയുടെ നിയമങ്ങളെ രൂക്ഷമായി വിമര്‍ശിച്ചാണ് അക്തര്‍ ഇത്തരമൊരു നിരീക്ഷണം നടത്തുന്നത്. മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയ്‌ക്കൊപ്പം തന്റെ യൂട്യൂബ് ചാനലില്‍ നടത്തിയ സംഭാഷണത്തിലാണ് അക്തര്‍ ഇത്തരമൊരു നിരീക്ഷണം നടത്തിയത്.

‘അടുത്ത കാലത്തായി നിങ്ങള്‍ ക്രിക്കറ്റ് നിയമങ്ങളും മറ്റും നോക്കിയാല്‍ അവിടെ ബാറ്റ്സ്മാനാണ് കൂടുതല്‍ പ്രാധാന്യം ലഭിച്ചിരിക്കുന്നത് എന്ന് വ്യക്തം. ഇപ്പോള്‍ രണ്ട് ന്യൂബോള്‍ എടുക്കാന്‍ കഴിയും. കൂടാതെ മൂന്ന് റിവ്യൂ വരെ ഒരു കളിയില്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയും’ അക്തര്‍ പറയുന്നു.

‘ഇതെല്ലാം സച്ചിന്‍ കളിച്ച കാലയളവില്‍ നിലവില്‍ ഉണ്ടായിരുന്നുവെങ്കില്‍ എങ്കില്‍ എനിക്ക് ഉറപ്പുണ്ട് സച്ചിന്‍ ഒരു ലക്ഷം റണ്‍സ് എങ്കിലും മിനിമം നേടിയേനെ. എന്റെ അഭിപ്രായത്തില്‍ സച്ചിന്‍ ഏറ്റവും കടുപ്പമേറിയ ബാറ്റ്സ്മാന്‍ തന്നെയാണ്. അദ്ദേഹം പഴയ തലമുറയിലെ മിക്ക സ്റ്റാര്‍ ബൗളര്‍മാരെയും നേരിട്ടുണ്ട്. 2013വരെ പുതിയ തലമുറയിലെ ബൗളിംഗ് പ്രതിഭകള്‍ക്ക് എതിരേയും റണ്‍സ് അടിച്ചിട്ടുണ്ട്’ അക്തര്‍ പറഞ്ഞു.

എന്നാല്‍ പരിഷ്‌ക്കാരങ്ങള്‍ക്കെതിരായ അക്തറിന്റെ നിലപാടുകളോട് ശാസ്ത്രി യോജിച്ചില്ല.

‘ഇന്ന് ക്രിക്കറ്റില്‍ സംഭവിച്ചിരിക്കുന്ന മാറ്റം നാം കാണണം. കാലം മാറുന്നത് അനുസരിച്ച് പരിഷ്‌കാരങ്ങള്‍ സംഭവിക്കണം.അത് വളരെ ആവശ്യമുള്ളത് തന്നെയാണ്. ഇപ്പോള്‍ ഏതൊരു ടീമും കളിക്കുന്ന മത്സരങ്ങള്‍ എണ്ണം വര്‍ധിച്ചിട്ടുണ്ട്. കൂടാതെ ഇന്ന് ടി20 ക്രിക്കറ്റ് ഫോര്‍മാറ്റ് അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒരു പ്രധാന ഘടകമായി മാറി കഴിഞ്ഞു’ രവി ശാസ്ത്രി പറഞ്ഞു.

You Might Also Like