ഏകദിന ക്രിക്കറ്റ് പൊളിച്ചെഴുതണം, അമ്പരപ്പിക്കുന്ന നിര്‍ദേശങ്ങളുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍

ഏകദിന ക്രിക്കറ്റിനെതിരെ നിലപാടെടുത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഏകദിന ക്രിക്കറ്റ് മടുപ്പിക്കുന്നതാണെന്നാണ് സച്ചിന്റെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിലാണ് സച്ചിന്‍ ഏകദിന ക്രിക്കറ്റിനെതിരെ രംഗത്തെത്തിയത്.

‘നിസ്സംശയം പറയാം. ഏകദിന മത്സരങ്ങള്‍ മടുപ്പിക്കുകയാണ്. അതിന് രണ്ട് കാരണങ്ങള്‍ ഉണ്ട്. ഒന്ന്, നിലവിലെ രീതിയാണ് വില്ലന്‍. അതുപ്രകാരം ഒരു ഇന്നിങ്‌സില്‍ രണ്ടു പന്ത് ഉപയോഗിക്കുന്നു. രണ്ടു പന്ത് നല്‍കുന്നതോടെ റിവേഴ്‌സ് സ്വിങ്ങിനെയാണ് ഇല്ലാതാക്കുന്നത്. കളി 40ാം ഓവറിലെത്തുമ്പോഴും ഒരു പന്ത് 20ാം ഓവറാണ് കളിക്കുന്നത്. 30ാം ഓവര്‍ എത്തുമ്പോഴേ ഏതു പന്തും റിവേഴ്‌സ് സ്വിങ് ചെയ്യൂ. രണ്ടു പന്ത് നല്‍കുന്നതിനാല്‍ അത് ഇല്ലാതാകുകയാണ്. നിലവിലെ രീതി ബൗളര്‍മാര്‍ക്കു മേല്‍ അധിക ഭാരമാണ് ചുമത്തുന്നത്. കളി പ്രവചിക്കാനാവുന്നതായി മാറുകയാണ്’- സചിന്‍ പറയുന്നു.

രവി ശാസ്ത്രി അഭിപ്രായപ്പെട്ട പോലെ ഏകദിന ക്രിക്കറ്റ് 40 ഓവര്‍ ആയി ചുരുക്കണമെന്നും സചിന്‍ പറയുന്നു. അല്ലെങ്കില്‍ 50 ഓവര്‍ രീതി നിലനിര്‍ത്തിയാല്‍ ഓരോ 25 ഓവര്‍ കഴിയുമ്പോഴും ടീമുകള്‍ പരസ്പരം ബാറ്റിങ്ങും ബൗളിങ്ങും മാറ്റണമെന്നും ടെണ്ടുല്‍ക്കര്‍ അഭിപ്രായപ്പെട്ടു. ഇതുവഴി ഇരു ടീമുകള്‍ക്കും തുടക്കത്തിലും രണ്ടാം പകുതിയിലും ബാറ്റിങ്ങിന് അവസരം ലഭിക്കുമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

കോവിഡ് നിയന്ത്രണങ്ങള്‍ അവസാനിച്ച മുറക്ക് ബൗളര്‍മാര്‍ക്ക് ഉമിനീര് പുരട്ടുന്നതിനുള്ള വിലക്ക് എടുത്തുകളയണമെന്നും സചിന്‍ ആവശ്യപ്പെട്ടു.

”ഞാന്‍ ഒരു മെഡിക്കല്‍ വിദഗ്ധനൊന്നുമല്ല. എന്നാലും, 100 വര്‍ഷമായി അനുവദിക്കപ്പെട്ട ഇത് തിരിച്ചുകൊണ്ടുവരണം. കോവിഡ് കാലത്തെ രണ്ടു വര്‍ഷം അതുപാടില്ലായിരിക്കാം. എന്നാല്‍, നാം ആ കാലം പിന്നിട്ട സ്ഥിതിക്ക് ഇളവ് തിരിച്ചുകൊണ്ടുവരണം”- താരം പറയുന്നു.

You Might Also Like