സച്ചിന്റെ ഡബിള്‍ സെഞ്ച്വറിയും ലേബര്‍ റൂമിലെ കോളും!

കെ നന്ദകുമാര്‍പിള്ള

പത്തു പതിനൊന്നു വര്ഷം മുന്‍പുള്ള ഫെബ്രുവരി. എന്റെ ഒരു സുഹൃത്തിന്റെ ഭാര്യയെ പ്രസവത്തിനായി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തിരിക്കുന്നു. ഉച്ചയോടെ പ്രസവവേദന വന്ന അവരെ ലേബര്‍ റൂമിലേക്ക് കൊണ്ടുപോയി. ലേബര്‍ റൂമിന് വെളിയില്‍ അക്ഷമരായി കാത്തിരിക്കുന്ന സുഹൃത്ത്, അദ്ദേഹത്തിന്റെ ‘അമ്മ, ഭാര്യയുടെ മാതാപിതാക്കള്‍.

പ്രസവവേദന സഹിക്കാന്‍ ആകാതെ കരയുന്ന ഭാര്യയുടെ നിലവിളി ഭര്‍ത്താവിന് കേള്‍ക്കാം. ഉടനെ തന്നെ അദ്ദേഹം ഫോണെടുത്ത് ആരെയോ വിളിച്ച് എന്തായി എന്ന് ചോദിക്കുന്നു. അപ്പുറത്തു നിന്നുള്ള മറുപടി കേട്ട് ഓക്കേ എന്ന് പറഞ്ഞു ഫോണ്‍ വെയ്ക്കുന്നു. ഈ സുഹൃത്ത് അല്പം സീരിയസ് ആയ ഒരു മനുഷ്യനാണ്. അദ്ദേഹത്തിന്റെ ഈ ഫോണ്‍ സംസാരം ശ്രദ്ധിച്ച ‘അമ്മ, എന്ത് പറഞ്ഞെടാ എന്ന് ചോദിച്ചെങ്കിലും ഇദ്ദേഹം മറുപടി ഒന്നും പറഞ്ഞില്ല. ഈ ഫോണ്‍ വിളി ഇടക്കിടക്ക് നടക്കുന്നുണ്ട്, അദ്ദേഹം എന്തായി എന്ന് ചോദിക്കും, മറുപടി കേള്‍ക്കും, ഓക്കേ എന്ന് പറഞ്ഞു ഫോണ്‍ വെയ്ക്കും. അമ്മ ഉറപ്പിച്ചു, അവന് ലേബര്‍ റൂമിനകത്ത് ആരെയോ പരിചയമുണ്ട്, അവരില്‍ നിന്നും ഭാര്യയുടെ വിവരങ്ങള്‍ തത്സമയം അറിഞ്ഞുകൊണ്ടിരിക്കുകയാണ്.

കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ ഇദ്ദേഹത്തെ വിളിച്ചിട്ടു പറഞ്ഞു, ചെറിയ കോംപ്ലിക്കേഷന്‍ ഉണ്ട്, സര്‍ജറി അത്യാവശ്യമാണ്. വേറെ നിവര്‍ത്തിയില്ല. സര്‍ജറിക്ക് സമ്മതപത്രം ഒപ്പിട്ടു നല്‍കിയ ശേഷം അദ്ദേഹം വീണ്ടും പഴയ സ്ഥലത്തു വന്നിരുന്നു. പിന്നെയും ഇടയ്ക്കിടെ ഫോണ്‍ വിളികള്‍. ഭാര്യയുടെ മാതാപിതാക്കള്‍ക്ക് ടെന്ഷന്റെ ഇടയിലും സന്തോഷം, സമാധാനം . മകളെ ഇത്രയും സ്‌നേഹിക്കുന്ന, കരുതലുള്ള ഉള്ള ഒരാളാണ് മരുമകന്‍ എന്ന് അപ്പോഴാണ് അവര്‍ക്ക് മനസിലാക്കാനുള്ള അവസരം കിട്ടിയത്. ഇതുപോലൊരു മരുമകനെ വേറെ ആര്‍ക്കു കിട്ടും. പുള്ളിയുടെ സീരിയസ് സ്വഭാവം അറിയാവുന്നതുകൊണ്ട് ഫോണ്‍ വിളിയുടെ വിശേഷങ്ങള്‍ അവര്‍ ചോദിച്ചില്ല എന്ന് മാത്രം.

സമയം ഏകദേശം അഞ്ചേകാല്‍. ലേബര്‍ റൂമിന്റെ വാതില്‍ തുറന്നു വന്ന നേഴ്‌സ് ആ സന്തോഷ വാര്‍ത്ത അറിയിച്ചു. പ്രസവം കഴിഞ്ഞു, പെണ്‍കുട്ടിയാണ്. എല്ലാവരും പരസ്പരം സന്തോഷം പങ്കു വെക്കുന്നു. അതിനിടയില്‍ വീണ്ടും അതാ ഫോണ്‍ കാള്‍. അഞ്ചരയോട് കൂടി കുഞ്ഞിനെ കാണിച്ചു. കുഞ്ഞിന്റെ അമ്മ സുഖമായി ഇരിക്കുന്നു എന്ന വാര്‍ത്തയും നേഴ്‌സ് അറിയിച്ചു. എല്ലാവരുടെയും മുഖത്ത് സന്തോഷം, ആശ്വാസം.

അപ്പോഴാണ് സുഹൃത്തിന്റെ ‘അമ്മ ഒരു കാര്യം ശ്രദ്ധിച്ചത്, കുഞ്ഞിനെ കണ്ടിട്ടും, ഭാര്യ സുഖമായി ഇരിക്കുന്നു എന്നറിഞ്ഞിട്ടും ഇദ്ദേഹത്തിന്റെ മുഖത്തെ ടെന്‍ഷന്‍ മാറുന്നില്ല, മാത്രമല്ല ടെന്‍ഷന്‍ കുറച്ചു കൂടിയോ എന്നൊരു സംശയം. ഒരെത്തും പിടിയും കിട്ടുന്നില്ല. ഫോണ്‍ വിളി തകൃതിയായി നടക്കുന്നു. സമയം 5.50. വീണ്ടും അദ്ദേഹം ഫോണ്‍ കയ്യിലെടുക്കുന്നു, ഇപ്രാവശ്യം ഫോണ്‍ വെച്ച ശേഷം ആ മുഖത്ത് എന്തെന്നില്ലാത്ത ആശ്വാസം. സന്തോഷം തിരതല്ലുന്നു.

അമ്മക്ക് സഹിച്ചില്ല. എന്താണ് സംഭവം എന്നറിഞ്ഞേ പറ്റൂ. മകനെ വിളിച്ച് മാറ്റി നിര്‍ത്തി, തന്റെ സകല അധികാരവും പ്രയോഗിച്ച് ‘അമ്മ ചോദിച്ചു. നീ ആരോടാടാ ഇത്രേം നേരം ഫോണില്‍ സംസാരിച്ചോണ്ടിരുന്നത്. നീ ലേബര്‍ റൂമിനകത്ത് ആരോടോ അവളുടെ കാര്യങ്ങള്‍ തിരക്കുവാണെന്നാ ഞാന്‍ വിചാരിച്ചത്. ഇപ്പൊ മനസിലായി, അതല്ല. സത്യം പറയെടാ. ഇനി അമ്മയുടെ മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ ആവില്ല എന്ന് മനസിലായ അദ്ദേഹം തുറന്നു പറഞ്ഞു, ‘അമ്മെ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഏകദിനത്തില്‍ ഡബിള്‍ സെഞ്ച്വറി അടിച്ചു’ , ഞാന്‍ ആ കളിയുടെ കാര്യങ്ങള്‍ എന്റെ സുഹൃത്തിനോട് ചോദിച്ചു അറിയുവാരുന്നു. അമ്മയുടെ മറുപടി : ഹോസ്പിറ്റല്‍ ആയത് നിന്റെ ഭാഗ്യം, ഇല്ലെങ്കില്‍ ചിരവത്തടി കൊണ്ട് തലക്കൊരെണ്ണം തന്നേനെ ഞാന്‍.

ദിവസം : 24 ഫെബ്രുവരി 2010. അന്ന് ഗ്വാളിയറില്‍ നടന്ന ഇന്ത്യ-സൗത്ത് ആഫ്രിക്ക ഏകദിന മത്സരത്തില്‍ ചരിത്രത്തില്‍ ആദ്യത്തെ ഏകദിന ഡബിള്‍ സെഞ്ച്വറി പിറന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്ന ഇതിഹാസം ആ നേട്ടം കൈവരിക്കുന്ന ആദ്യ ക്രിക്കറ്റ് താരവുമായി. ഇത് സംഭവിച്ച കഥയാണ്. ഈ കഥാനായകന്‍ ഇവിടെ സലാലയില്‍ തന്നെ ഉണ്ട്. (പക്ഷെ ആരാണെന്ന് എന്നോട് ചോദിക്കരുത്, ഞാന്‍ പറയൂല)

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

 

You Might Also Like