കുംബ്ലെ ‘കണ്ണുതകര്‍ത്തു’, ആ ഇന്ത്യന്‍ സൂപ്പര്‍ താരത്തിന് പിന്നെ തിരിച്ചുവരവുണ്ടായിരുന്നില്ല, വന്‍ വീഴ്ച്ചകള്‍
ധനേഷേ ദാമോദരന്‍
തന്റെ 15ാം വയസില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറി ,18 സീസണുകള്‍ കഴിഞ്ഞ് അതേ എതിരാളികള്‍ക്കെതിരെ കളിച്ച് തന്റെ കരിയര്‍ അവസാനിപ്പിച്ച അദ്ദേഹത്തിന് പ്രതിഭ ഉണ്ടായിട്ടും കരിയര്‍ ഉടനീളം നിര്‍ഭാഗ്യം അയാളെ പിന്തുടര്‍ന്നു. 1989ല്‍ വിന്‍ഡീസ് ടൂറിനായുള്ള ഇന്ത്യന്‍ ടീമില്‍ തിരഞ്ഞെടുക്കപ്പെട്ട ആ വിക്കറ്റ് കീപ്പര്‍ക്ക് പക്ഷെ ദേശീയ ടീമിനായി ഒരു മത്സരം കളിക്കാന്‍ കഴിഞ്ഞത് 8 വര്‍ഷത്തിനു ശേഷമായിരുന്നു .അതും കഴിഞ്ഞ് ഒരു ടെസ്റ്റ് കളിക്കാന്‍ പിന്നെയും വേണ്ടി വന്നു 3 വര്‍ഷം .അതും 33ാം വയസില്‍ .
നിര്‍ഭാഗ്യം അവിടെയും അവസാനിച്ചില്ല. ധാക്കയില്‍ 2000 ആണ്ടില്‍ നടന്ന ഏഷ്യാ കപ്പില്‍ ‘ഇന്ത്യയുടെ ആദ്യ മാച്ചില്‍ കുംബ്ലെയുടെ വേഗതയാര്‍ന്ന പന്ത് ബാറ്റ്‌സ്മാന്റെ പാഡില്‍ തട്ടി നേരെ പതിച്ചത് വിക്കറ്റ് കീപ്പറുടെ കണ്ണില്‍. വേദന കൊണ്ട് പുളഞ്ഞ സാബ കരീം എന്ന 90 കളിലെ ക്രിക്കറ്റ് പ്രേമികള്‍ മറക്കാത്ത ആ നിര്‍ഭാഗ്യവാന്‍ ആദ്യം കരുതിയത് തന്റെ കാഴ്ച നഷ്ടപ്പെട്ടു എന്നായിരുന്നു .പിന്നീട് ചെന്നൈയിലെ ശങ്കര നേത്രാലയത്തില്‍ ചികിത്സ തേടി. ക്യാപ്റ്റന്‍ ഗാംഗുലി നല്‍കിയ തികഞ്ഞ പിന്തുണ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ടീമില്‍ കരീമിന് ഇടം നല്‍കാന്‍ സഹായിച്ചു .
തന്റെ കാഴ്ച ശരിയായി എന്ന് തോന്നിയെങ്കിലും മുംബൈയിലെ ക്ലബ് മാച്ചുകളില്‍ പ്രാക്ടീസ് നടത്തുമ്പോള്‍ തോന്നിയ ബുദ്ധിമുട്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും പിന്‍മാറാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതനാക്കി .ഏതായാലും ബംഗ്ലാദേശിന്റെ അരങ്ങേറ്റ ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി കരീം തന്റെ ആദ്യത്തെയും അവസാനത്തെയും ടെസ്റ്റ് കളിച്ച് വിട വാങ്ങി.
1982 ല്‍ ഇന്ത്യന്‍ സ്‌കൂള്‍ ടീം നടത്തിയ വിന്‍ഡീസ് പര്യടനത്തില്‍ കളിച്ച കരീം അതേ വര്‍ഷം തന്നെ രഞ്ജിയില്‍ അരങ്ങേറി . ക്ലൈവ് ലോയ്ഡിന്റെ വിന്‍ഡീസിനെതിരെ സന്നാഹ മത്സരത്തിലെ 2 ക്യാച്ചും കരീമിന് പ്രചോദനമായി .
1989 ല്‍ വിന്‍ഡീസ് ടൂറില്‍ ആദ്യമായി ദേശീയ ടീമിലെത്തി കളിക്കാന്‍ പറ്റിയില്ലെങ്കിലും ആ ടൂര്‍ കരീമിന് കുറെ അനുഭവങ്ങള്‍ സമ്മാനിച്ചു .വര്‍ഷങ്ങള്‍ കഴിഞ്ഞ് 1996- 97 ല്‍ സൗത്ത് ആഫ്രിക്ക ടൂറില്‍ സ്ഥിരം കീപ്പര്‍ മോംഗിയക്ക് പരിക്കേറ്റതോടെ ബ്ലൂം ഫൊണ്ടെയ്‌നില്‍ ട്രയാംഗുലര്‍ സീരീസില്‍ ആദ്യ മത്സരത്തില്‍ അരങ്ങേറ്റം .ആദ്യ മാച്ചില്‍ 55 ഉം രണ്ടാം മാച്ചില്‍ 38 ഉം നേടി മിന്നുന്ന പ്രകടനം കാഴ്ച വെച്ചെങ്കിലും പിന്നീടുള്ള 8 മത്സരങ്ങളില്‍ 49 റണ്‍സേ നേടാന്‍ പറ്റിയുള്ളൂ .
120 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 22 സെഞ്ച്വറികള്‍ അടക്കം 7310 റണ്‍ നേടിയ കരീമിന് ദേശീയ തലത്തില്‍ ആ പ്രകടനം ആവര്‍ത്തിക്കാനായില്ലെങ്കിലും 1997 ല്‍ കറാച്ചിയില്‍ സ്ഥിരം വൈരികളായ പാകിസ്ഥാനെതിരെ രാജേഷ് ചൗഹാന്‍ സഖ്‌ലൈന്‍ മുഷ്ത്താഖിനെതിരെ സിക്‌സര്‍ പറത്തി നേടിയ ആവേശ വിജയത്തില്‍ വിലമതിക്കാനാകാത്ത 26 റണ്‍സ് നേടിയ കരീമിനെ ഓരോ ക്രിക്കറ്റ് പ്രേമിയും എന്നെന്നും ഓര്‍ക്കും .
ഹാപ്പി ബര്‍ത്ത് ഡേ സാബാ കരീം
കടപ്പാട്: സ്‌പോട്‌സ് പാരഡൈസോ ക്ലബ്