; )
ഐപിഎല്ലിലെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി കളിച്ചത് പരിക്ക് മറച്ചുവെച്ചാണോ. ക്രിക്കറ്റ് ലോകത്ത് ഇക്കാര്യത്തെ കുറിച്ച് വ്യാപക ചര്‍ച്ചയാണ് നടക്കുന്നത്. എന്നാലിപ്പോള്‍ ധോണിയുടെ ഫിറ്റ്നസ് സംബന്ധിച്ച നിര്‍ണ്ണായക വിവരം പങ്കുവെച്ചിരിക്കുകയാണ് ചെന്നൈയുടെ മുഖ്യ പരിശീലകനായ സ്റ്റീഫന്‍ ഫ്ളെമിങ്.
‘ധോണിക്ക് പരിക്കാണെന്ന കഥ എവിടെ നിന്നാണ് വന്നതെന്ന് അറിയില്ല. പ്രീ സീസണില്‍ കാല്‍മുട്ടിന്റെ വേദനക്ക് ധോണി ചികിത്സ നടത്തിയിരുന്നു. എന്നാലിപ്പോള്‍ അത്തരമൊരു പ്രശ്നം ധോണിക്കില്ല’ ഫ്‌ളെമിംഗ് തുറന്നടിച്ചു.
’15 വര്‍ഷം മുമ്പുണ്ടായിരുന്നതുപോലെയുള്ള വേഗം ഇപ്പോള്‍ ധോണിക്കില്ല. എന്നാല്‍ ഇപ്പോഴും മികച്ച നായകനാണവന്‍. ബാറ്റ്സ്മാനെന്ന നിലയിലും അവന്‍ ടീമിന്റെ പദ്ധതികളുടെ ഭാഗമാണ്. തന്റെ പരിമിതികളെക്കുറിച്ച് ധോണിക്ക് നന്നായി അറിയാം. കളത്തില്‍ വളരെ മൂല്യമുള്ള താരങ്ങളിലൊരാളാണവന്‍. ഇതിഹാസമാണ് ധോണി’ ഫ്ളെമിങ് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ മത്സരത്തിനിടെ ധോണിയ്ക്ക് പരിക്കേറ്റിരുന്നു. ദീപക് ചഹാറിന്റെ വൈഡ് പന്ത് ഡൈവ് ചെയ്ത് തടുക്കാന്‍ ശ്രമിച്ചതിന് ശേഷം ധോണി കാലില്‍ വേദനകൊണ്ട് തൊടുന്നതും മുട്ടില്‍ പിടിക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. ഫിസിയോയെത്തി ധോണിയെ പരിശോധിക്കുന്നതും ഇതില്‍ കാണാനാവും.
അതെസമയം മത്സരത്തില്‍ മികച്ച പ്രകടനമാണ് ധോണി കാഴ്ച്ചവെച്ചത്. മത്സരത്തില്‍ 20 ഓവറില്‍ കീപ്പറാവുകയും ബാറ്റിങ്ങിനിറങ്ങി ഏഴ് പന്തില്‍ പുറത്താവാതെ 14 റണ്‍സ് നേടുകയും ധോണി ചെയ്തു.