സഞ്ജുവിന്റെ ഈ റെക്കോര്‍ഡ് വേറെ ലെവല്‍, രോഹിത്തും കോഹ്ലിയും ധോണിയുമെല്ലാം വീണു

Image 3
CricketCricket News

ഐപിഎല്ലില്‍ ഏറ്റവും വേഗതയില്‍ 200 സിക്‌സറുകള്‍ നേടുന്ന താരമായി മാറി രാജസ്ഥാന്‍ റോയല്‍സ് നായകനും മലയാളി താരവുമായ സഞ്ജു സാംസണ്‍. സാക്ഷാല്‍ മഹേന്ദ്ര സിംഗ് ധോണിയുടെ റെക്കോര്‍ഡാണ് സഞ്ജു സാംസണ്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മറികടന്നത്.

ധോണി ഐപിഎല്ലിലെ തന്റെ 165ആം ഇന്നിംഗ്‌സില്‍ നിന്നായിരുന്നു 200 സിക്‌സറുകള്‍ പൂര്‍ത്തീകരിച്ചത്. എന്നാല്‍ കേവലം 159 ഇന്നിംഗ്‌സുകളില്‍ നിന്നാണ് സഞ്ജു 200 സിക്‌സറുകള്‍ സ്വന്തമാക്കിയത്. 180 ഇന്നിംഗ്‌സുകളില്‍ നിന്ന് 200 സിക്‌സര്‍ സ്വന്തമാക്കിയ വിരാട് കോഹ്ലിയാണ് ഈ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തുള്ളത്.

185 ഇന്നിംഗ്‌സുകളില്‍ നിന്ന് 200 സിക്‌സറുകള്‍ സ്വന്തമാക്കിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ലിസ്റ്റില്‍ നാലാം സ്ഥാനത്ത് നില്‍ക്കുന്നു. 193 ഇന്നിങ്‌സുകളില്‍ നിന്ന് 200 സിക്‌സറുകള്‍ സ്വന്തമാക്കിയ റെയ്‌ന ലിസ്റ്റില്‍ അഞ്ചാമത് നില്‍ക്കുന്നു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ 200ലധികം സിക്‌സറുകള്‍ സ്വന്തമാക്കുന്ന പത്താമത്തെ ബാറ്ററായും സഞ്ജു സാംസണ്‍ മാറി. മഹേന്ദ്ര സിംഗ് ധോണി, വിരാട് കോഹ്ലി, രോഹിത് ശര്‍മ, സുരേഷ് റെയ്‌ന എന്നിവര്‍ക്ക് പുറമേ ക്രിസ് ഗെയില്‍, എ ബി ഡിവില്ലിയേഴ്സ്, ഡേവിഡ് വാര്‍ണര്‍, കീറോണ്‍ പൊള്ളാര്‍ഡ്, ആന്‍ഡ്ര റസല്‍ എന്നിവരാണ് മുന്‍പ് ഐപിഎല്ലില്‍ 200 സിക്‌സറുകള്‍ക്ക് മുകളില്‍ നേടിയിട്ടുള്ളത്.

മത്സരത്തില്‍ 28 പന്തുകളില്‍ നിന്നായിരുന്നു സഞ്ജു സാംസണ്‍ തന്നെ അര്‍ദ്ധ സെഞ്ച്വറി പൂര്‍ത്തീകരിച്ചത്. ഇതിന് ശേഷവും മത്സരത്തില്‍ അടിച്ചു തകര്‍ക്കാന്‍ സഞ്ജുവിന് സാധിച്ചു. എന്നാല്‍ 46 പന്തില്‍ 86 റണ്‍സില്‍ നില്‍ക്കുമ്പോള്‍ സഞ്ജു പുറത്താവുകയുണ്ടായി.