സിക്‌സ് അടിച്ച് ഫിനിഷിംഗ്, വെടിക്കെട്ട് ഫിഫ്റ്റി, ഞെട്ടിച്ച് സഞ്ജു, ലഖ്‌നൗവിനേയും തകര്‍ത്ത് രാജസ്ഥാന്‍

ഐപിഎല്ലില്‍ നായകന്‍ സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് മികവില്‍ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ മറ്റൊരു ജയം കൂടി. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ ഏഴ് വിക്കറ്റിനാണ് രാജസ്ഥാന്‍ റോയല്‍സ് തകര്‍ത്തത്. ലഖ്‌നൗ ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം ആറ് പന്ത് ബാക്കി നില്‍ക്കെ രാജസ്ഥാന്‍ റോയല്‍സ് മൂന്ന് വിക്കറ്റ് മാത്രം നഷ്ടമാക്കി മറികടക്കുകയായിരുന്നു.

രാജസ്ഥാനായി ക്യാപ്റ്റന്‍ സഞ്ജു സാംസണും ദ്രുവ് ജുറളും നിര്‍ണ്ണായക അര്‍ധ സെഞ്ച്വറി നേടി. സഞ്ജു സാംസണ്‍ വെറും 33 പന്തില്‍ ഏഴ് ഫോറും നാല് സിക്‌സും സഹിതം പുറത്താകാതെ 71 റണ്‍സാണ് നേടിയത്. 215.15 പ്രഹര ശേഷിയിലാണ രാജസ്ഥാന്‍ നായകന്റെ ബാറ്റിംഗ്. മത്സരം സിക്‌സ് അടിച്ച് ഫിനിഷ് ചെയ്യാനും സഞ്ജുവിനായി.

ജുറളാകട്ടെ 34 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 52 റണ്‍സെടുത്തു. ഐപിഎല്ലിലെ ജുറളിന്റെ ആദ്യ ഫിഫ്റ്റിയാണിത്. ജുറളും സഞ്ജുവും കൂടി നാലാം വിക്കറ്റില്‍ 62 പന്തില്‍ അഭേദ്യമായ 121 റണ്‍സാണ് രാജസ്ഥാന്‍ സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്.

ഇരുവരേയും കൂടാതെ ഓപ്പണര്‍മാരായ ജോസ് ബട്‌ലറും യശ്വസി ജയ്‌സ്വാളും തിളങ്ങി. ബട്‌ലര്‍ 18 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 34 റണ്‍സാണ് നേടിയത്. ജയ്‌സ്വാള്‍ ആകട്ടെ 18 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 24 റണ്‍സും നേടി. ഇരുവരും ആദ്യ വിക്കറ്റില്‍ 60 റണ്‍സാണ് രാജസ്ഥാന്‍ സ്‌കോര്‍ ബോര്‍ഡിലെത്തിച്ചത്. 11 പന്തില്‍ 14 റണ്‍സെടുത്ത റിയാഗ് പരാഗിന് രാജസ്ഥാനായി തിളങ്ങാനായിയില്ല. ലഖനൗവിനായി യാഷ് താക്കൂര്‍ മാര്‍ക്കസ് സ്റ്റോണ്‍സ്, അമിത് മിശ്ര എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 196 റണ്‍സ് എടുത്തത്. ലഖ്‌നൗവിനായി ക്യാപ്റ്റന്‍ കെഎല്‍ രാഹുലും ദീപക്് ഹൂഡയും അര്‍ധ സെഞ്ച്വറി നേടി.

രാഹുല്‍ 48 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 76 റണ്‍സാണ് നേടിയത്. ഇതോടെ രാഹുല്‍ റണ്‍ വേട്ടയില്‍ രണ്ടാം സ്ഥാനത്തെത്തി. ദീപക് ഹൂഡ 31 പന്തില്‍ ഏഴ് ഫോറടക്കം 50 റണ്‍സും എടുത്തു. മറ്റാര്‍ക്കും ലഖ്‌നൗ നിരയില്‍ കാര്യമായ പ്രകടനം കാഴ്ച്ചവെക്കാായില്ല.

ആയുഷ് ബദോനി 13 പന്തില്‍ 18 റണ്‍സും ക്രുനാല്‍ പാണ്ഡ്യ 11 പന്തില്‍ 15 റണ്‍സും പുറത്താകാതെ നേടി. ക്വിന്റണ്‍ ഡികോക്ക് (8), മാര്‍ക്കസ് സ്‌റ്റോണ്‍സ് (0) എന്നിങ്ങനെയാണ് മറ്റ് ലഖ്‌നൗ ബാറ്റര്‍മാരുടെ പ്രകടനം.

രാജസ്ഥാനായി സന്ദീപ് ശര്‍മ്മ നാല് ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. ട്രെന്‍ഡ് ബോള്‍ട്ട്, ആവേശ് ഖാന്‍, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

 

You Might Also Like