സെഞ്ച്വറിയുമായി ഗുജാറാത്ത് ഓപ്പണര്‍മാരുടെ ആറാട്ട്, ചെന്നൈയ്ക്ക് ജയിക്കാന്‍ കൂറ്റന്‍ വിജയലക്ഷ്യം

Image 3
CricketCricket News

ഐപിഎല്ലില്‍ സെഞ്ച്വറിയുമായി ഗുജറാത്ത് ഓപ്പണര്‍മാര്‍ ആറാടിയപ്പോള്‍ ചൈന്നൈ സൂപ്പര്‍ കിംഗ്‌സിന് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം. ടോസ നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ടൈറ്റന്‍സ് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സാണ് നേടിയത്.

ഗുജറാത്തിനായി സ്വപ്‌ന സമാനമായ തുടക്കമാണ് ലഭിച്ചത്. ഓപ്പണര്‍മാരായ സായ് സുദര്‍ശന്‍ 51 പന്തില്‍ അഞ്ച് ഫോറും ഏഴ് സിക്‌സും സഹിതം 103 റണ്‍സെടുത്തു. മറ്റൊരു ഓപ്പണറും ക്യാപ്റ്റനുമായ ശുഭ്മാന്‍ ഗില്‍ 55 പന്തില്‍ ഒന്‍പത് ഫോറും ആറ് സിക്‌സും സഹിതം 104 റണ്‍സാണ് നേടിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 17.2 ഓവറില്‍ 210 റണ്‍സാണ് അടിച്ച് കൂട്ടിയത്.

ഇരുവരേയും കൂടാതെ ഡേവിഡ് മില്ലര്‍ 11 പന്തില്‍ ഒരു ഫോറടക്കം 16 റണ്‍സുമായി പുറത്താകാതെ നിന്നു. ഷാറൂഖ് ഖാന്‍ രണ്ട് റണ്‍സെടുത്ത് അവസാന പന്തില്‍ റണ്ണൗട്ടായി.

ചെന്നൈയ്ക്കായി ആറ് പേര്‍ പന്തെറിഞ്ഞെങ്കിലും തുഷാര്‍ ദേഷ് പാണ്ഡ്യയ്ക്ക് മാത്രമാണ് വിക്കറ്റ് കിട്ടിയത്. നാല് ഓവറില്‍ 33 റണ്‍സ്് വഴങ്ങി രണ്ട് വിക്കറ്റാണ് തുഷാര്‍ ദേശ് പാണ്ഡ്യ നേടിയത്. ഇരുവര്‍ക്കും പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ വിജയിക്കേണ്ടത് അനിവാര്യമായതിനാല്‍ മത്സരം രണ്ടാം പകുതി ചൂടുപിടിയ്ക്കും.