ഇന്ത്യന്‍ കോച്ചാകാന്‍ ജയവര്‍ദ്ധനയും, ബിസിസിഐയ്ക്ക് തലപുകയ്‌ക്കേണ്ടി വരും

ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകസ്ഥാനത്തേക്ക് മഹേള ജയവര്‍ദ്ധനയേയും പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്. ശ്രീലങ്കന്‍ മുന്‍ നായകനായ ജയവര്‍ദ്ധന നിലവില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഡയറക്ടറാണ്.
ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് അപേക്ഷിക്കുവാന്‍ ഇനി ഒരാഴ്ച മാത്രമാണ് സമയമുള്ളത്. ജയവര്‍ദ്ധന ഈ സ്ഥാനത്തേയ്ക്ക് അപേക്ഷിക്കുമോയെന്ന് കണ്ട് തന്നെ അറിയണം.
2017ലാണ് ജയവര്‍ദ്ധന മുംബൈ ഇന്ത്യന്‍സിനൊപ്പം ചേര്‍ന്നത്. ആ സീസണില്‍ തന്നെ കിരീടനേട്ടം സ്വന്തമാക്കാനും ലങ്കന്‍ മുന്‍ നായകന് സാധിച്ചു. 2019ലും 2020ലും മുംബൈ ഇന്ത്യന്‍സില്‍ കിരീടനേട്ടം ആവര്‍ത്തിച്ചു.
മുമ്പ് രവി ശാസ്ത്രിയില്‍ നിന്ന് രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഏറ്റെടുക്കുമ്പോഴും ജയവര്‍ദ്ധനയുടെ പേര് ഉയര്‍ന്നിരുന്നു. ഇത്തവണ ജയവര്‍ദ്ധന അപേക്ഷ നല്‍കിയാല്‍ ബിസിസിഐക്ക് എളുപ്പത്തില്‍ തള്ളിക്കളയാനാകില്ല.
നിലവില്‍ ഗൗതം ഗംഭീര്‍, റിക്കി പോണ്ടിംഗ്, സ്റ്റീഫണ്‍ ഫെളെമിംഗ് തുടങ്ങിയ മുന്‍ താരങ്ങളെയാണ് പരിശീലക സ്ഥാനത്തേയ്ക്ക് ബിസിസിഐ പരിഗണിക്കുന്ന മറ്റ് പേരുകള്‍. ടി20 ലോകകപ്പിന് ശേഷമാകും ഇന്ത്യ പുതിയ പരിശീലകനെ പ്രഖ്യാപിക്കുക.