രാജസ്ഥാന്‍ ആര്‍സിബിയോട് തോറ്റാല്‍ അതിന് കാരണക്കാരന്‍ ആ ഒരൊറ്റ കളിക്കാരനാകും, തുറന്നടിച്ച് ഇംഗ്ലീഷ് ക്യാപ്റ്റന്‍

Image 3
CricketFeaturedIPL

ഐപിഎല്‍ എലിമിനേറ്ററില്‍ ആര്‍സിബിയോടു രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെട്ട് പുറത്തായാല്‍ ഇതിനു കാരണക്കാരന്‍ ഒരു താരമായിരിക്കുമെന്നു ചൂണ്ടിക്കാട്ടി ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍. റോയല്‍സ് ഈ മല്‍സരം തോല്‍ക്കുന്നുണ്ടെങ്കില്‍ അതു ഓപ്പണര്‍ ജോസ് ബട്ലറുടെ അഭാവം കാരണമായിരിക്കുമെന്നാണ് വോന്‍ പറയുന്നത്.

പാകിസ്താനുമായുള്ള ഇംഗ്ലണ്ടിന്റെ ടി20 പരമ്പരയുമായി ബന്ധപ്പെട്ടാണ് പ്ലേഓഫ് മല്‍സരങ്ങള്‍ക്കു നില്‍ക്കാതെ ബട്ലര്‍ റോയല്‍സ് വിട്ടത്. ഇതോടെ രാജസ്ഥാന്റെ ബാറ്റിംഗ് നിര ഏറെ ദുര്‍ബലമായെന്നാണ് വിലയിരുത്തുന്നത്. ക്രിക്ക്ബസിനോടു സംസാരിക്കവെയാണ് റോയല്‍സ് എലിമിനേറ്ററില്‍ തോല്‍ക്കുകയാണെങ്കില്‍ അതു ബട്ലറുടെ അസാന്നിധ്യം കൊണ്ടു മാത്രമായിരിക്കുമെന്നു വോന്‍ ചൂണ്ടിക്കാണിച്ചത്.

‘രാജസ്ഥാന്‍ റോയല്‍സിനെ അപേക്ഷിച്ച് റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരുവിനു ഫോമിലുള്ള കൂടുതല്‍ കളിക്കാരുണ്ട്. ജോസ് ബട്ലര്‍ റോയല്‍സിനെ സംബന്ധിച്ച് വളരെ വലിയ താരമാണ്. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരേ അദ്ദേഹത്തിന്റെ സെഞ്ച്വറി നോക്കൂ, സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ തന്റെ ജോലി എങ്ങനെയാണ് പൂര്‍ത്തിയാക്കേണ്ടതെന്നു ബട്ലര്‍ക്കു അറിയാം. എലിമിനേറ്ററില്‍ റോയല്‍സിനു തങ്ങളുടെ നിര്‍ണായക താരത്തെയാണ് മിസ്സായിരിക്കുന്നത്’ വോന്‍ വിശദമാക്കി.

ഈ സീസണില്‍ തരക്കേടില്ലാത്ത ഫോമിലായിരുന്നു ബട്ലര്‍. 11 മല്‍സരങ്ങളില്‍ നിന്നും 39.88 ശരാശരിയില്‍ 140.78 സ്ട്രൈക്ക് റേറ്റില്‍ 359 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. രണ്ടു സെഞ്ച്വറികളുള്‍പ്പെടെയാണിത്.

ഞായഴാഴ്ച ചെന്നൈയിലെ ചെപ്പോക്കില്‍ നടക്കാനിരിക്കുന്ന ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴേ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലായിരിക്കും ഏറ്റുമുട്ടുകയെന്നും അദ്ദേഹം പ്രവച്ചിച്ചു.

‘പോയിന്റ് പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാരായ കെകെആറും എസ്ആര്‍എച്ചും തമ്മിലായിരിക്കും ചെന്നൈയിലെ ഫൈനലെന്നു ഞാന്‍ കരുതുന്നു. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന രണ്ടാം ക്വാളിഫയറില്‍ ആരു ജയിച്ചാലും അവര്‍ക്കു ഫൈനലില്‍ മുന്‍തൂക്കമുണ്ടായിരിക്കും. കാരണം അവര്‍ രണ്ടാം ക്വാളിഫയര്‍ കളിക്കുന്നത് ചെന്നൈയിലാണ്. അതു വലിയൊരു മുന്‍തൂക്കമല്ല, എങ്കിലും നേരിയ മുന്‍തൂക്കം തന്നെയാണ്’ വോന്‍ കൂട്ടിച്ചേര്‍ത്തു.