രോഹിത്ത് കപ്പ് കൊണ്ടേ മടങ്ങൂ, സഞ്ജുവിന് അര്‍ഹിക്കുന്ന സ്ഥാനം ലഭിച്ചിരിക്കുന്നു, തുറന്നടിച്ച് ധവാന്‍

ടി20 ലോകകപ്പില്‍ ഇന്ത്യ കിരീടവുമായാണ് മടങ്ങി വരുവെന്നും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അനുഭവ സമ്പത്തും നായക മികവും ഇന്ത്യയെ ലോകകപ്പ് ജേതാക്കളാക്കി മാറ്റുമെന്നും വിലയിരുത്തി മുന്‍ ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍. ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളെ കുറിച്ച് പ്രമുഖ ഇംഗ്ലീഷ് മാധ്യമം ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കുകയായിരുന്നു ധവാന്‍.
‘ലോകകപ്പില്‍ ഇന്ത്യയുടെ മേല്‍ നല്ല സമര്‍ദ്ധമുണ്ടാകും. പക്ഷെ രോഹിത് ശര്‍മയുടെ അനുഭവ സമ്പത്ത് ഗുണം ചെയ്യും. എങ്ങനെയാണ് സമര്‍ദ്ധത്തെത്ത ഉള്‍ക്കൊള്ളേണ്ടതെന്ന് അദ്ദേഹത്തിന് അറിയാം. തീര്‍ച്ചയായും വിജയികളായി തന്നെ ഇന്ത്യ തിരികെ വരും’ ശിഖര്‍ ധവാന്‍ പറഞ്ഞു.
ഇന്ത്യയുടെ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടിയ സഞ്ജു അടക്കമുള്ള താരങ്ങള്‍ക്ക് ആശംസകള്‍ നേരാനും ധവാന്‍ മറന്നില്ല.
‘ശിവം ദുബെ, യുസി, സഞ്ജു പോലുള്ള താരങ്ങള്‍ അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കുന്നത് കാണുമ്പോള്‍ സന്തോഷമുണ്ട്. നമ്മുടേത് സന്തുലിതമായ ടീമാണ്. നല്ല ക്രിക്കറ്റ് കളിക്കാന്‍ അവര്‍ക്ക് സാധിക്കണം. ടീം ഇന്ത്യയ്ക്ക് ആശംസകള്‍. ഞങ്ങളെല്ലാം നിങ്ങള്‍ക്ക് വേണ്ടിയുണ്ട്’ ധവാന്‍ ആശംസിക്കുന്നു.
‘രോഹിത്തിന് പുറമെ, ലോകകപ്പില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി മാറുക വിരാടും ജസ്പ്രിത് ഭുംറയുമായിരിക്കും. വിരാട് ചേസ് മാസ്റ്ററാണ്. അവന്റെ സാന്നിധ്യം തന്നെ എതിര്‍ ടീമുകളെ തകര്‍ക്കുന്നതായിരിക്കും. മൂന്ന് ഫോര്‍മാറ്റിലും ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ബൗളറാണ് ഭുംറ. ഇന്ത്യ ലോകകപ്പ് നേടുന്നുണ്ടെങ്കില്‍ അവന്റെ പങ്ക് വളരെ വലുതായിരിക്കും’ ധവാന്‍ പറഞ്ഞു.