ഞെട്ടിച്ച് ആവേശിന്റെ ഡെത്ത് ഓവര്‍, തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയുമായി സഞ്ജു, ഡല്‍ഹിയെ പൊടിച്ച് രാജസ്ഥാന്‍

ഐപിഎല്ലില്‍ രണ്ടാമത്തെ മത്സരത്തിലും തകര്‍പ്പന്‍ ജയവുമായി രാജസ്ഥാന്‍ റോയല്‍സ്. 12 റണ്‍സിന് റിഷഭ് പന്ത് നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സിനെയാണ രാജസ്ഥാന്‍ റോയല്‍സ് തകര്‍ത്തത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 186 റണ്‍സ വിജയലക്ഷ്യത്തിന മുന്നില്‍ ഡല്‍ഹിയ്ക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് എടുക്കാനെ കഴിഞ്ഞുളളൂ.

അവസാന ഓവറില്‍ 17 റണ്‍സായിരുന്നു ഡല്‍ഹിയ്ക്ക് വേണ്ടിരുന്നത്. രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ആകട്ടെ ഡെത്ത് ഓവര്‍ എറിയാന്‍ ആവേശ് ഖാനെയാണ് തെരഞ്ഞെടുത്തത്. ബോള്‍ട്ടും, ബര്‍ഗറും അശ്വിനും ചഹലും അടക്കം ഒരോവര്‍ എറിയാന്‍ അവശേഷിക്കെയാണ് ആവേശിനെ സഞ്ജു അവസാന ഓവര്‍ എറിയാന്‍ തെരഞ്ഞെടുത്തത്. ആവേശ് ഖാന്‍ ക്യാപ്റ്റന്‍ പ്രതീക്ഷ കാത്തു. വെടിക്കെട്ട് വീരന്മാരായ സ്റ്റെബ്‌സിനേയും അക്‌സര്‍ പട്ടേലിനേയും കെട്ടിപൂട്ടി വെറും നാല് റണ്‍സാണ് വിട്ടുകൊടുത്തത്.

ഇതോടെ നാല് ഓവറില്‍ 29 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് എന്ന നിലയില്‍ ആവേശ് മത്സരം അവസാനിപ്പിച്ചത്. ചഹല്‍ ആകട്ടെ മൂന്ന് ഓവറില്‍ 19 റണ്‍സ് വഴങ്ങിയും ബര്‍ഗര്‍ മൂന്ന് ഓവറില്‍ 29 റണ്‍സ് വഴങ്ങിയും രണ്ട് വിക്കറ്റ് വീഴ്ത്തി.

ഡല്‍ഹിയ്ക്കായി ഡേവിഡ് വാര്‍ണര്‍ 34 പന്തില്‍ അഞ്ച് ഫോറും മൂന്ന് സിക്‌സും സഹിതം 49 റണ്‍സെടുത്തു. ട്രിസ്റ്റണ്‍ സ്റ്റബ്‌സ് ആകട്ടെ 23 പന്തില്‍ രണ്ട് ഫോറും മൂന്ന് സിക്‌സും സഹിതം 44 റണ്‍സെടുത്ത് പുറത്താകാതേയും നിന്നു.

മിച്ചല്‍ മാര്‍ഷ് 12 പന്തില്‍ 23ഉം റിഷഭ് പന്ത് 26 പന്തില്‍ 28 റണ്‍സുമെടുത്ത് പുറത്തായി. റിക്കി ബുയി (0), അഭിഷേക് പൊറാള്‍ (9), അക്‌സര്‍ പട്ടേല്‍ (15*) എന്നിങ്ങനെയാണ് മറ്റ് ഡല്‍ഹി താരങ്ങളുടെ പ്രകടനം.

നേരത്തെ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് 185 റണ്‍സിലെത്തിയത്. റിയാഗ് പരാഗ് നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ്് രാജസ്ഥാന് താരമേന്യേ മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പരാഗ് ഐപിഎല്ലില്‍ തന്റെ ഏറ്റവും മികച്ച സ്‌കോര്‍ സ്വന്തമാക്കി. 45 പന്തില്‍ ഏഴ് ഫോറും ആറ് സിക്‌സും സഹിതം പുറത്താകാതെ 84 റണ്‍സാണ് നേടിയത്. വന്‍ തകര്‍ച്ച നേരിട്ട രാജസ്ഥാന പരാഗന്റെ വെടിക്കെട്ട് മികച്ച സ്‌കോറിലെത്തിക്കുകയായിരുന്നു.

രാജസ്ഥാന്റെ തുടക്കം പരിതാപകരമായിരുന്നു. ആദ്യ പവര്‍പ്ലേയില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 31 റണ്‍സാണ് നേടിയത്. ഏഴ് പന്തില്‍ അഞ്ച് റണ്‍സെടുത്ത യശ്വസി ജയ്‌സ്വാളും 14 പന്തില്‍ മൂന്ന് ഫോറടക്കം സഞ്ജു സാംസണുമാണ് ആദ്യ പവര്‍പ്ലേയില്‍ മടങ്ങിയത്. തൊട്ടുടനെ 16 പന്തില്‍ 11 റണ്‍സ് മാത്രമെടുത്ത ജോസ് ബട്‌ലറും മടങ്ങി. ഇതോടെ രാജസ്ഥാന്‍ 7.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 36 എന്ന നിലയിലേക്ക് കൂപ്പുകുത്തി.

അവിടെ നിന്നാണ് മധ്യനരി രാജസ്ഥാനെ രക്ഷിച്ചെടുത്തത്. പരാഗിനൊപ്പം അഞ്ചാമനായി ക്രീസിലെത്തിയ ആര്‍ അശ്വിന്‍ 19 പന്തില്‍ മൂന്ന് സിക്‌സ് സഹിതം 29 റണ്‍സെടുത്തു. ദ്രുവ് ജറള്‍ ആകട്ടെ 12 പന്തില്‍ മൂന്ന് ഫോറടക്കം 20 റണ്‍സും സ്വന്തമാക്കി. മത്സരം അവസാനിക്കുമ്പോള്‍ ഹെറ്റ്‌മേയര്‍ ഏഴ് പന്തില്‍ ഒരു ഫോറും സിക്‌സും സഹിതം 14 റണ്‍സുമായി പരാഗിനൊപ്പം ക്രീസിലുണ്ടായിരുന്നു.

അശ്വിനൊപ്പം 37 പന്തില്‍ 54 റണ്‍സ് കൂട്ടിച്ചേര്‍ത്ത പരാഗ് ജുറളിനൊപ്പം 23 പന്തില്‍ 52ഉം ഹെറ്റ് മെയറിനൊപ്പം 16 പന്തില്‍ അഭേദ്യമായ 43 റണ്‍സും കൂട്ടിച്ചേര്‍ത്തു. നോര്‍ജെ എറിഞ്ഞ അവസാന ഓവറില്‍ മൂന്ന് ഫോറും രണ്ട് സിക്‌സുമാണ് പരാഗ് നേടിയത്.

ഡല്‍ഹിയ്ക്കായി പന്തെറിഞ്ഞവരെല്ലാം ഓരോ വിക്കറ്റെടുത്തു. ഖലീല്‍ അഹമ്മദ് നാല് ഓവറില്‍ 24 റണ്‍സ് വിട്ട് കൊടുത്തും അക്‌സര്‍ പട്ടേല്‍ 21 റണ്‍സ് വിട്ടുകൊടുത്തുമാണ് ഓരോ വിക്കറ്റെടുത്തത്. മുകേഷ് കുമാര്‍ 49 റണ്‍സും നോര്‍ജെ 48 റണ്‍സും കുല്‍ദീപ് 41 റണ്‍സും വിട്ടുകൊടുത്താണ് ഓരോ വിക്കറ്റ് സ്വന്തമാക്കിയത്.

You Might Also Like