ലോകം കീഴടക്കി ബട്‌ലറെത്തി, സഞ്ജുവിന്റെ ക്യാപ്റ്റന്‍സി തെറിയ്ക്കുമോ, നിലപാട് വ്യക്തമാക്കി രാജസ്ഥാന്‍

ഐപിഎല്ലില്‍ കഴിഞ്ഞ രണ്ടു സീസണിലും രാജസ്ഥാന്‍ റോയല്‍സിനെ നയിച്ചത് മലയാളി താരം സഞ്ജു സാംസണാണ്. 2021ല്‍ ടീം പ്ലേഓഫ് കാണാതെ പുറത്തായെങ്കിലും കഴിഞ്ഞ തവണ രാജസ്ഥാനെ ഫൈനലിലെത്തിക്കാന്‍ സഞ്ജുവിനായി. രാജസ്ഥാനായി എല്ലാ സീസണിലും മികച്ച പ്രകടനമാണ് ബാറ്റ്‌സ്മാന്‍ എന്ന നിലയിലും രാജസ്ഥാന്‍ കാഴ്ച്ചവെക്കുന്നത്.

എന്നാല്‍ പുതിയ സാഹചര്യത്തില്‍ സഞ്ജുവിന്റെ നായകസ്ഥാനം തെറിയ്ക്കുമോയെന്ന് ചില ആശങ്കകള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലുണ്ട്. ഇംഗ്ലണ്ടിനെ കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പില്‍ കിരീടത്തിലേക്കു നയിച്ച ജോസ് ബട്ലറടക്കമുള്ളവര്‍ റോയല്‍സ് ടീമില്‍ തുടരുന്നതാണ് കാരണം. അതുകൊണ്ടു തന്നെ സഞ്ജുവിനു പകരം ബട്ലറെ റോയല്‍സ് നായകസ്ഥാനം ഏല്‍പ്പിക്കുമോയെന്നു പലരും സംശയിക്കുകയും ചെയ്യുന്നു.

എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് റോയല്‍സ് ടീം സിഇഒ ജെയ്ക്ക് ലഷ് മക്രം. ഒരു ദേശീയ ചാനലിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സഞ്ജു സാംസണ്‍ എല്ലായ്പ്പോഴും ഞങ്ങള്‍ക്കു പ്രധാനപ്പെട്ടയാളാണ്. അദ്ദേഹമൊരു വലിയ താരം തന്നെയാണെന്നാണ് ഞാന്‍ പറയുക. ടീമിലെ ചില കളിക്കാരേക്കാള്‍ സഞ്ജു ചെറുപ്പമായിരിക്കാം. പക്ഷെ ഐപിഎല്ലില്‍ ഒരുപാട് അനുഭവസമ്പത്തുണ്ട്.രാജസ്ഥാന്‍ റോയല്‍സിനൊപ്പവും ഏറെ അനുഭവസമ്പത്തുള്ള ക്രിക്കറ്ററാണ് അദ്ദേഹം’ മക്രം പറയുന്നു.

ഫ്രാഞ്ചൈസിക്കായി എല്ലാം സ്വയമര്‍പ്പിച്ച താരമാണ് സഞ്ജു. വളരെയധകി പാഷനുള്ളയാളും കൂടിയാണ് അദ്ദേഹം. ഇതു വളരെയധികം പ്രധാനപ്പെട്ട കാര്യമാണെന്നും ജെയ്ക്ക് ലഷ് വ്യക്തമാക്കി.

സഞ്ജു സാംസണില്‍ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന കാര്യം എന്തും പഠിക്കാനുള്ള തുറന്ന മനസ്സാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയും അതു തന്റെ ഗെയിമില്‍ കൊണ്ടു വരികയും ചെയ്തിട്ടുണ്ട്. ഇതു വളരെ പ്രധാനപ്പെട്ട കാര്യം തന്നെയാണ്. സഞ്ജു കൂടുതല്‍ കൂടുതല്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. ക്യാപ്റ്റനായി രണ്ടാമത്തെ സീസണില്‍ തന്നെ ഞങ്ങളെ ഫൈനലിലെത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചതായും ജെയ്ക്ക് ലഷ് ചൂണ്ടിക്കാട്ടി.

രാജസ്ഥാന്‍ റോയല്‍സിലെ തന്റെ കളിക്കാരെ വളരെ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാന്‍ സഞ്ജു സാംസണിനു സാധിച്ചിടുണ്ട്. കളിക്കാര്‍ക്കൊപ്പം നില്‍ക്കാനും ക്യാപ്റ്റനെന്ന നിലയില്‍ അവരെ പ്രചോദിപ്പിക്കുവാനും അദ്ദേഹത്തിനു കഴിയുന്നു. കളിക്കളത്തില്‍ എല്ലായ്പ്പോഴും ബഹളം വയ്ക്കുകയും അഗ്രസീവായി പെരുമാറുകയും ചെയ്യുന്ന വ്യക്തിയായി സഞ്ജുവിനെ നമ്മള്‍ കണ്ടിട്ടില്ലായിരിക്കാം. പക്ഷെ ക്യാപ്റ്റനെന്ന നിലയില്‍ എല്ലാ കാര്യങ്ങളും അദ്ദേഹം മികച്ച രീതിയില്‍ ചെയ്യുന്നുണ്ട്.

സഞ്ജു വിജയം കൈവരിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നും ഇതാണ്. കോച്ച് കുമാര്‍ സങ്കക്കാരയോടൊപ്പം വളരെ മികച്ച രീതിയിലാണ് അദ്ദേഹം പ്രവര്‍ത്തിച്ചു വരുന്നത്. ടീമിനകത്ത് വിജയത്തിന്റെ ഒരു അന്തരീക്ഷം സൃഷ്ടിച്ചെടുക്കാനും ഇരുവര്‍ക്കും കഴിഞ്ഞു. കഴിഞ്ഞ സീസണില്‍ എന്താണ് സംഭവിച്ചതെന്നു നോക്കൂയെന്നും ജെയ്ക്ക് ലഷ് ആവശ്യപ്പെട്ടു.

You Might Also Like