സെഞ്ച്വറി കൊടുങ്കാറ്റുമായി പടിക്കല്‍, വെടിക്കെട്ടുമായി കോഹ്ലി, രാജസ്ഥാനെ നാണംകെടുത്തി ബംഗളൂരു

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ തകര്‍പ്പന്‍ വിജയവുമായി ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ്. 10 വിക്കറ്റിനാണ് മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന ടീമിനെ ബംഗളൂരു തോല്‍പിച്ച് വിട്ടത്.

സെഞ്ച്വറി നേടിയ ദേവ്ദത്ത് പടിക്കലിന്റേയും അര്‍ധ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയുടെയും മികവിലായിരുന്നു ബംഗളൂരുവിന്റെ വിജയം.

52 പന്തില്‍ 11 ഫോറും ആറ് സിക്‌സും സഹിതം ദേവ്ദത്ത് പടിക്കല്‍ പുറത്താകാതെ 101 റണ്‍സ് എടുത്തു. 194 സ്‌ട്രൈക്ക റേറ്റിലായിരുന്നു പടിക്കലിന്റെ വെടിക്കെട്ട്. കോഹ്ലിയാകട്ടെ 47 പന്തില്‍ ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 72 റണ്‍സുമായി ദേവ്ദത്തിന് ഉറച്ച പിന്തുണ നല്‍കി.

രാജസ്ഥാന്‍ ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം വിക്കറ്റൊന്നും നഷ്ടപ്പെടാതെ 16.3 ഓവറിലാണ് ബംഗളൂരു മറികടന്നത്. ഇതോടെ നാല് മത്സരങ്ങളില്‍ നാലിലും ജയിച്ച് ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനായി ശിവം ദുബൈ ആണ് ടോപ് സ്‌കോററായത്. 32 പന്തില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും സഹിതം 46 റണ്‍സാണ് ദുബെ നേടിയത്. സഞ്ജു സാംസണ്‍ 21 റണ്‍സെടുത്ത് പുറത്തായി. രാഹുല്‍ തെവാത്തിയ 40 റണ്‍സെടുത്തു. ഡല്‍ഹിയ്‌ക്കെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം.

You Might Also Like