റൊണാൾഡോയുടെ അപ്രമാദിത്വം, ഹാലൻഡിനെ മുന്നിലിരുത്തി മൂന്ന് അവാർഡുകൾ തൂത്തുവാരി

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ഗ്ലോബ് സോക്കർ അവാർഡ്‌സിൽ റൊണാൾഡോയുടെ അപ്രമാദിത്വം. സൗദി അറേബ്യൻ ക്ലബായ അൽ നസ്റിനും പോർച്ചുഗൽ ദേശീയ ടീമിനും വേണ്ടി കഴിഞ്ഞ വർഷം മികച്ച പ്രകടനം നടത്തിയ താരം മൂന്ന് അവാർഡുകളാണ് ചടങ്ങിൽ സ്വന്തമാക്കിയത്. അതേസമയം കഴിഞ്ഞ വർഷത്തെ മികച്ച താരത്തിനുള്ള അവാർഡ് മാഞ്ചസ്റ്റർ സിറ്റി താരം ഹാലാൻഡ് തന്നെ സ്വന്തമാക്കി.

കഴിഞ്ഞ വർഷം ഏറ്റവുമധികം ഗോളുകൾ നേടിയ താരത്തിനുള്ള മറഡോണ അവാർഡാണ് റൊണാൾഡോ സ്വന്തമാക്കിയതിന് ഏറ്റവും മികച്ചത്. ഹാലാൻഡ്, എംബാപ്പെ, ഹാരി കെയ്ൻ തുടങ്ങിയ താരങ്ങളെ മറികടന്നാണ് മുപ്പത്തിയൊമ്പതാം വയസിലേക്ക് കാലെടുത്തു വെക്കുന്ന റൊണാൾഡോ അവാർഡ് സ്വന്തമാക്കിയത്. അതിൽ താരം വളരെയധികം സന്തോഷം പ്രകടിപ്പിക്കുകയും ചെയ്‌തു.

അതിനു പുറമെ ആരാധകർ വോട്ടു ചെയ്‌ത്‌ തിരഞ്ഞെടുക്കുന്ന ഗ്ലോബ് സോക്കറിന്റെ ഫാൻസ്‌ പ്ലേയർ ഓഫ് ദി ഇയർ അവാർഡും റൊണാൾഡോക്കാണ് ലഭിച്ചത്. ഇതിനു പുറമെ പുതിയതായി ആരംഭിച്ച മിഡിൽ ഈസ്റ്റിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും റൊണാൾഡോ തന്നെ സ്വന്തമാക്കി. അവാർഡ് നൈറ്റിൽ റൊണാൾഡോ തിളങ്ങിയെന്നു തന്നെയാണ് അതിനർത്ഥം.

മികച്ച പരിശീലകനുള്ള അവാർഡ് മാഞ്ചസ്റ്റർ സിറ്റിയുടെ പെപ് ഗ്വാർഡിയോള സ്വന്തമാക്കിയപ്പോൾ മികച്ച ഗോൾകീപ്പർക്കുള്ള അവാർഡ് മാഞ്ചസ്റ്റർ സിറ്റിയുടെ എഡേഴ്‌സൺ കൈക്കലാക്കി. കഴിഞ്ഞ ദിവസം ഫിഫ ബെസ്റ്റ് അവാർഡ്‌സിൽ പങ്കെടുക്കാതിരുന്ന ഏർലിങ് ഹാലാൻഡ് അടക്കമുള്ള താരങ്ങൾ ദുബായിൽ വെച്ചു നടന്ന ഗ്ലോബ് സോക്കർ അവാർഡ്‌സിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

You Might Also Like