അൽ നസ്‌റിനോട് പ്രത്യക ആവശ്യമുന്നയിച്ച് റൊണാൾഡോ, പോർച്ചുഗൽ താരത്തിന്റെ ലക്‌ഷ്യം 2026 ലോകകപ്പ്

ഒരു ഫുട്ബോൾ താരമെന്ന നിലയിൽ എല്ലാ നേട്ടങ്ങളും സ്വന്തമാക്കിയെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് എത്തിപ്പിടിക്കാനാവാത്ത സുപ്രധാന നേട്ടമാണ് ലോകകപ്പ്. നിരവധി ലോകകപ്പുകളിൽ കളിച്ചെങ്കിലും ഇതുവരെ ഒരെണ്ണത്തിന്റെ ഫൈനൽ കളിക്കാൻ പോലും താരത്തിന് കഴിഞ്ഞില്ല. ഏറ്റവുമധികം പ്രതീക്ഷയുണ്ടായിരുന്ന ഇക്കഴിഞ്ഞ ലോകകപ്പിൽ റൊണാൾഡോ മോശം പ്രകടനമാണ് നടത്തിയതും.

ഇതുവരെയുള്ള ലോകകപ്പ് ടൂർണമെന്റുകൾ നിരാശയാണ് നൽകിയതെങ്കിലും അതിനു വേണ്ടി പൊരുതാനുള്ള മനോഭാവം പോർച്ചുഗൽ താരത്തെ വിട്ടു പോയിട്ടില്ല. അടുത്തിടെ അൽ നസ്‌റിനോട് താരം ഒരു പ്രത്യേക ആവശ്യമുന്നയിച്ചത് റൊണാൾഡോയുടെ ദൃഢനിശ്ചയം വ്യക്തമാക്കുന്നതാണ്. 2025 വരെയുള്ള തന്റെ അൽ നസ്ർ കരാർ രണ്ടു വർഷത്തേക്ക് കൂടി നീട്ടി 2027 വരെയാക്കണമെന്നാണ് റൊണാൾഡോ ആവശ്യപ്പെട്ടത്. അൽ നസ്ർ ഇത് പരിഗണനയിൽ എടുത്തിട്ടുണ്ട്.

2024ൽ നടക്കുന്ന യൂറോ കപ്പ് വരെയാണ് റൊണാൾഡോ ദേശീയ ടീമിനൊപ്പം ഉണ്ടാവുകയെന്നാണ് ഏവരും കരുതിയിരിക്കുന്നത്. എന്നാൽ അൽ നസ്‌റുമായി 2027 വരെ കരാർ പുതുക്കാൻ ആവശ്യപ്പെട്ടതിലൂടെ 2026 ലോകകപ്പിൽ കളിക്കാനുള്ള പദ്ധതി താരത്തിനുണ്ടെന്ന് വ്യക്തമാണ്. ആ ടൂർണമെന്റിൽ ഇറങ്ങി കിരീടത്തിനായി പൊരുതാനാണ് റൊണാൾഡോ ഉദ്ദേശിക്കുന്നത്. അതിനു ശേഷം ഫുട്ബോളിൽ നിന്നു തന്നെ വിശ്രമിക്കാനും താരം പദ്ധതിയിടുന്നുണ്ട്.

അൽ നസ്റിൽ എത്തിയതിനു ശേഷം ക്ലബിനും ദേശീയടീമിനും വേണ്ടി മികച്ച പ്രകടനം റൊണാൾഡോ നടത്തുന്നുണ്ട്. അതുപോലെ തന്നെ എല്ലാ കിരീടങ്ങൾക്ക് വേണ്ടിയും പൊരുതാൻ കരുത്തുള്ള താരങ്ങൾ നിറഞ്ഞ പോർച്ചുഗൽ ടീം റോബർട്ടോ മാർട്ടിനസ് പരിശീലകനായതിനു ശേഷം കൂടുതൽ കരുത്ത് കാണിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ വരുന്ന യൂറോ കപ്പും അതിനു ശേഷമുള്ള ലോകകപ്പും പോർച്ചുഗൽ ടീം ഉയർത്തിയാലും അതിൽ അത്ഭുതപ്പെടാനില്ല.

You Might Also Like