റൊണാൾഡോയുടെ ബൂട്ടുകളുടെ ഗോൾവർഷം തുടരുന്നു, പോർച്ചുഗലിന് വമ്പൻ ജയം

പോർച്ചുഗൽ ദേശീയടീമിനു വേണ്ടിയുള്ള ഉജ്ജ്വലപ്രകടനം തുടർന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ. കഴിഞ്ഞ ദിവസം നടന്ന യൂറോ കപ്പ് യോഗ്യത മത്സരത്തിൽ റൊണാൾഡോ രണ്ടു ഗോളുകൾ നേടിയപ്പോൾ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് ലക്സംബർഗിനെതിരെ പോർച്ചുഗൽ വിജയം നേടിയത്. ഇത് തുടർച്ചയായ രണ്ടാമത്തെ മത്സരത്തിലാണ് റൊണാൾഡോ പോർചുഗലിനായി രണ്ടു ഗോൾ നേടുന്നത്.

മത്സരത്തിന്റെ ഒൻപതാം മിനുട്ടിലാണ് റൊണാൾഡോ ആദ്യഗോൾ നേടുന്നത്. നുനോ മെൻഡസ് നൽകിയ ഹെഡർ പാസ് ഒന്ന് വലയിലേക്ക് തട്ടിയിടുക മാത്രമേ താരത്തിന് ചെയ്യേണ്ടി വന്നുള്ളൂ. അതിനു പിന്നാലെ ജോവോ ഫെലിക്‌സ്, ബെർണാർഡോ സിൽവ എന്നിവരും ഗോൾ കണ്ടെത്തി. മുപ്പത്തിയൊന്നാം മിനുട്ടിൽ ലക്‌സംബർഗ് പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് ബ്രൂണോ നൽകിയ ക്രോസിൽ റൊണാൾഡോ രണ്ടാമത്തെ ഗോളും നേടി.

ആദ്യപകുതിയിൽ തന്നെ നാല് ഗോളുകൾക്ക് മുന്നിലെത്തിയ പോർച്ചുഗൽ റൊണാൾഡോയെ അറുപത്തിയഞ്ചാം മിനുട്ടിൽ റൊണാൾഡോയെ പിൻവലിച്ചില്ലായിരുന്നെങ്കിൽ താരം ഹാട്രിക്ക് തികച്ചേനെ. അതിനു ശേഷം ഒറ്റാവിയോ, റാഫേൽ ലിയാവോ എന്നിവരാണ് പോർച്ചുഗലിന്റെ മറ്റു ഗോളുകൾ നേടിയത്. ലിയാവോ എടുത്ത പെനാൽറ്റി ഗോൾകീപ്പർ രക്ഷപ്പെടുത്തുന്നതും മത്സരത്തിൽ കണ്ടു. പകരക്കാരനായിറങ്ങിയ എസി മിലാൻ താരം മികച്ച പ്രകടനമാണ് നടത്തിയത്.

മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയതോടെ ഇന്റർനാഷണൽ ടോപ് സ്‌കോറർ, കരിയർ ഗോൾ എന്നിവയുടെ എണ്ണത്തിൽ തന്റെ റെക്കോർഡ് റൊണാൾഡോ വീണ്ടും വർധിപ്പിച്ചു. ദേശീയ ടീമിനായി ഇനിയും തനിക്ക് പലതും ചെയ്യാനുണ്ടെന്നും താരം തെളിയിച്ചു. അടുത്ത യൂറോ കപ്പ് ലക്ഷ്യമിടുന്ന പോർച്ചുഗൽ മികച്ച തുടക്കമാണ് കുറിച്ചിരിക്കുന്നത്. പരിശീലകനെന്ന നിലയിൽ റോബർട്ടോ മാർട്ടിനസിന്റെ തുടക്കവും മികച്ചതാക്കാൻ കഴിഞ്ഞു.

You Might Also Like