തീർന്നു പോയെന്നു വിലയിരുത്തിയവർക്ക് മുന്നിൽ 50 ഗോൾ നേടി തിരിച്ചുവരവ്, അവിശ്വസനീയം ഈ ഹീറോയിസം

മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം കഴിഞ്ഞ സീസണിന്റെ പകുതി വരെ കളിച്ച ക്രിസ്റ്റ്യാനോ റൊണാൾഡോ മോശം പ്രകടനമാണ് നടത്തിയത്. ലോകകപ്പിന് മുൻപ് ക്ലബ് വിട്ട താരം പോർച്ചുഗൽ ടീമിനൊപ്പം തിളങ്ങുമെന്ന് പ്രതീക്ഷിച്ചെങ്കിലും ലോകകപ്പിലെ പ്രകടനവും ദയനീയമായിരുന്നു. ഇതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ കരിയറിന്റെ അവസാനഘട്ടത്തിൽ എത്തിയെന്നും ഇനിയൊരു തിരിച്ചുവരവ് ഉണ്ടാകില്ലെന്നും പലരും വിലയിരുത്തി.

എന്നാൽ തോൽക്കാൻ അയാൾ തയ്യാറല്ലായിരുന്നു. ലോകകപ്പിന് ശേഷം യൂറോപ്പിൽ നിന്നും ചുവടുമാറ്റി ലോകത്തെ തന്നെ ഞെട്ടിച്ച ട്രാൻസ്‌ഫറിൽ സൗദി അറേബ്യയിലേക്ക് ചേക്കേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ നടത്തുന്ന പ്രകടനം സമാനതകളില്ലാത്തതാണ്. സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയ റൊണാൾഡോ തന്റെ ആത്മവിശ്വാസം വീണ്ടെടുത്ത് അവിശ്വസനീയമായ രീതിയിലാണ് ഉയർത്തെഴുന്നേറ്റു വന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം അൽ ഷബാബും അൽ നസ്‌റും തമ്മിൽ നടന്ന മത്സരത്തിൽ ഗോൾ നേടിയതോടെ ഈ വർഷം അൻപത് ഗോളുകളെന്ന നേട്ടമാണ് റൊണാൾഡോ സ്വന്തമാക്കിയത്. അൽ നസ്റിനും പോർച്ചുഗൽ ദേശീയ ടീമിനും വേണ്ടിയാണ് ഇത്രയും ഗോളുകൾ താരം നേടിയത്. ഇന്നലെ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് വിജയം നേടിയതോടെ മറ്റൊരു കിരീടം കൂടി നേടാമെന്ന പ്രതീക്ഷയോടെ അൽ നസ്ർ കിങ്‌സ് കപ്പിന്റെ സെമി ഫൈനലിലേക്കും മുന്നേറിയിട്ടുണ്ട്.

അൽ നസ്റിലേക്ക് കഴിഞ്ഞ സീസണിന്റെ പകുതിയിൽ വെച്ച് ചേക്കേറിയ റൊണാൾഡോ പതിനാലു ഗോളുകളാണ് ലീഗിൽ നേടിയത്. ഈ സീസണിൽ ഇപ്പോൾ തന്നെ പതിനാറു ഗോളുകൾ താരം നേടിയിട്ടുണ്ട്. ഇത്തവണ ലീഗിലെ ടോപ് സ്‌കോറർ ആകുമെന്നുറപ്പിക്കുന്ന പ്രകടനമാണ് റൊണാൾഡോ നടത്തുന്നത്. പോർച്ചുഗൽ ടീമിനൊപ്പവും മിന്നുന്ന പ്രകടനം നടത്തുന്ന താരം അടുത്ത വർഷത്തെ യൂറോ കപ്പും ലക്‌ഷ്യം വെക്കുന്നുണ്ടെന്നതിൽ സംശയമില്ല.

You Might Also Like