പ്രായമേറിയാലും തളരാത്ത കരുത്ത്, പോർചുഗലിനൊപ്പം ചരിത്രനേട്ടങ്ങൾ കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

ഖത്തർ ലോകകപ്പിന് ശേഷം ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. എല്ലാ പൊസിഷനിലും മികച്ച താരങ്ങളുള്ള പോർച്ചുഗൽ ടീമിനെ കൃത്യമായി നയിക്കാൻ കഴിയാതിരുന്ന റൊണാൾഡോ ടൂർണമെന്റിൽ മോശം പ്രകടനമാണ് നടത്തിയത്. ഗ്രൂപ്പ് ഘട്ടത്തിൽ പെനാൽറ്റിയിലൂടെ നേടിയ ഒരു ഗോൾ മാത്രമാണ് ലോകകപ്പിൽ റൊണാൾഡോയുടെ സമ്പാദ്യം. എന്നാൽ ആ വിമർശനങ്ങളിൽ നിന്നും പുതിയ കരുത്ത് നേടിയ റൊണാൾഡോ ഇപ്പോൾ പോർചുഗലിനായി മിന്നും ഫോമിലാണ് കളിക്കുന്നത്.

കഴിഞ്ഞ ദിവസം സ്ലോവാക്യക്കെതിരെ നടന്ന യൂറോ കപ്പ് യോഗ്യത മത്സരത്തിലും റൊണാൾഡോ മികച്ച പ്രകടനമാണ് നടത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പോർച്ചുഗൽ വിജയം നേടുകയും യൂറോ കപ്പിന് യോഗ്യത നേടുകയും ചെയ്‌ത മത്സരത്തിൽ റൊണാൾഡോയുടെ വകയായിരുന്നു രണ്ടു ഗോളുകൾ. പുതിയ പരിശീലകനായ റോബർട്ടോ മാർട്ടിനസിനു കീഴിൽ തനിക്ക് കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിയുന്നുണ്ടെന്ന് ഓരോ മത്സരത്തിലും റൊണാൾഡോ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

ഇന്നലത്തെ മത്സരത്തിലെ ഇരട്ടഗോളുകളോടെ പോർച്ചുഗൽ ദേശീയ ടീമിനായി 125 ഗോളുകളാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കിയിരിക്കുന്നത്. മറ്റൊരു താരത്തിനും ദേശീയ ടീമിനായി ഇത്രയും ഗോളുകൾ നേടിയിട്ടില്ല. ഇതിലെ ഭൂരിഭാഗം ഗോളുകളും റൊണാൾഡോ നേടിയിരിക്കുന്നത് മുപ്പത് വയസിനു ശേഷമാണ്. മുപ്പതു വയസു വരെ പോർച്ചുഗൽ ടീമിനായി 52 ഗോളുകൾ നേടിയ റൊണാൾഡോ അതിനു ശേഷമുള്ള എട്ടു വർഷങ്ങളിൽ 73 ഗോളുകളാണ് ദേശീയ ടീമിനായി അടിച്ചുകൂട്ടിയത്.

കരിയറിൽ 857 ഗോളുകൾ നേടി ആ നേട്ടത്തിലും മുന്നിൽ നിൽക്കുന്ന റൊണാൾഡോ മൂന്നു ശതാബ്ദത്തിൽ നൂറിലധികം ഗോളുകളെന്ന റെക്കോർഡും സ്വന്തമാക്കുകയുണ്ടായി. മുപ്പത്തിയെട്ടാം വയസിലും ആളിക്കത്തുന്ന തീയായ റൊണാൾഡോയുടെ ലക്ഷ്യങ്ങൾ വ്യക്തമാണ്. അടുത്ത യൂറോ കപ്പും അതിനു ശേഷമുള്ള ലോകകപ്പും സ്വന്തമാക്കുക. പോർചുഗലിനെപ്പോലെ കരുത്തുറ്റ താരങ്ങൾ അണിനിരന്ന ഒരു ടീമിനൊപ്പം റൊണാൾഡോക്ക് അതിനു കഴിയുമെന്ന കാര്യത്തിൽ സംശയമില്ല.

You Might Also Like