പോർച്ചുഗലിൽ ഇനി കളിക്കുമോ, പുതിയ പരിശീലകനായി ചർച്ചകൾ നടത്തി റൊണാൾഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് ഈ സീസൺ മോശമായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിലും പോർചുഗലിലും പകരക്കാരനായി മാറേണ്ടി വന്ന താരത്തിന് ക്ലബിനും ദേശീയ ടീമിനും വേണ്ടി മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. പോർച്ചുഗൽ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ തോറ്റു പുറത്തു പോയതിനു ശേഷം സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്കാണ് റൊണാൾഡോ ചേക്കേറിയത്. ഫുട്ബോൾ ആരാധകർ ആരും പ്രതീക്ഷിക്കാത്ത ട്രാൻസ്‌ഫറായിരുന്നു അത്.

ലോകകപ്പിന് ശേഷം ഫെർണാണ്ടോ സാന്റോസിനു പകരക്കാരനായി റോബർട്ടോ മാർട്ടിനസ് എത്തിയതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവി എന്താകുമെന്നാണ് ഏവരും ഉറ്റു നോക്കിയത്. ലോകകപ്പിൽ തന്നെ താരം അവസാനത്തെ രണ്ടു മത്സരങ്ങളിൽ പകരക്കാരുടെ ബെഞ്ചിലായിരുന്നു സ്ഥാനം. അതുകൊണ്ടു തന്നെ പുതിയ പരിശീലകൻ താരത്തെ ദേശീയ ടീമിൽ പരിഗണിക്കുന്നതിൽ വിമുഖത കാണിക്കുമോയെന്ന് ഏവരും കരുതിയിരുന്നു.

എന്നാൽ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. കഴിഞ്ഞ ദിവസം നടന്ന സ്‌പാനിഷ്‌ സൂപ്പർകപ്പ് കാണാൻ റോബർട്ടോ മാർട്ടിനസ് സൗദി അറേബ്യയിൽ എത്തിയിരുന്നു. ഈ സമയത്ത് പോർച്ചുഗൽ ടീമിലെ തന്റെ ഭാവിയെക്കുറിച്ച് റൊണാൾഡോ പുതിയ പരിശീലകനുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്. താരത്തെ ദേശീയ ടീമിലേക്ക് പരിഗണിക്കാൻ തന്നെയാണ് റോബർട്ടോ മാർട്ടിനസ് ഒരുങ്ങുന്നത്.

ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെയുടെ റിപ്പോർട്ടുകൾ പ്രകാരം റൊണാൾഡോയെ 2024 യൂറോ വരെ ടീമിൽ മാർട്ടിനസ് പ്രതീക്ഷിക്കുന്നുണ്ട്. യൂറോ കപ്പിന്റെ യോഗ്യത മത്സരങ്ങൾ ആരംഭിക്കാനിരിക്കെ താരത്തെക്കൂടി ഉൾപ്പെടുത്തിയുള്ള ടീം തന്നെയാണ് റോബർട്ടോ മാർട്ടിനസ് ഒരുക്കുന്നത്. മാർച്ചിലാണ്‌ ആദ്യത്തെ യോഗ്യത മത്സരങ്ങൾ. ലീച്ചേൻസ്റ്റീൻ, ലക്‌സംബർഗ് എന്നീ ടീമുകളെയാണ് പോർച്ചുഗൽ നേരിടുക.

നിലവിൽ 118 ഗോളുകളോടെ അന്താരാഷ്‌ട്ര ഫുട്ബോളിൽ ഏറ്റവുമധികം ഗോളുകൾ നേടിയ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗലിൽ തുടരുക വഴി തന്റെ റെക്കോർഡ് ഇളക്കം തട്ടാതെ സൂക്ഷിക്കാൻ താരത്തിന് കഴിയും. അതേസമയം പോർച്ചുഗൽ ടീമിൽ തന്റെ സ്ഥാനം ഭദ്രമാക്കാൻ നിലവിൽ കളിക്കുന്ന അൽ നസ്ർ ക്ലബിനൊപ്പം താരം മികച്ച പ്രകടനം നടത്തേണ്ടതുണ്ട്.

You Might Also Like