അൽ നസ്‌റുമായി അപൂർവ ക്ലോസ്, റൊണാൾഡോയുടെ ചാമ്പ്യൻസ് ലീഗ് സ്വപ്‌നം അവസാനിച്ചിട്ടില്ല

ഒരിക്കൽക്കൂടി ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കുകയെന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ സംബന്ധിച്ച് വലിയ ആഗ്രഹമായിരുന്നു. ഇതിനു വേണ്ടി താരം കഴിഞ്ഞ സമ്മറിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ ശ്രമിച്ചു. എന്നാൽ ക്ലബ് താരത്തെ വിട്ടുകൊടുക്കാൻ തയ്യാറാവാതിരുന്നതും പ്രധാന ക്ലബുകളൊന്നും റൊണാൾഡോക്കായി ശ്രമം നടത്താതിരുന്നതും താരത്തിന് തിരിച്ചടിയായി. മാഞ്ചസ്റ്റർ  യുണൈറ്റഡ് കരാർ റദ്ദ് ചെയ്‌തതിനു ശേഷവും ചാമ്പ്യൻസ് ലീഗ് യോഗ്യതയുള്ള ക്ലബ്ബിലേക്ക് ചേക്കേറാൻ റൊണാൾഡോ ശ്രമിച്ചെങ്കിലും അതും ഫലം കണ്ടില്ല.

തന്റെ ലക്ഷ്യങ്ങൾ നടക്കാതെ വന്നതോടെ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് റൊണാൾഡോ ചേക്കേറിയത് ആരാധകർക്ക് വിശ്വസിക്കാൻ കഴിയാത്ത കാര്യമായിരുന്നു. ഈ കരാറോടെ ലോകത്തിൽ തന്നെ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന കളിക്കാരനായി റൊണാൾഡോ മാറിയെങ്കിലും യൂറോപ്യൻ ഫുട്ബോളിൽ നിന്നും ഏഷ്യൻ ഫുട്ബോളിലേക്ക് ചുവടു മാറ്റിയതോടെ താരത്തിന്റെ കരാർ അവസാനിച്ചുവെന്ന് പലരും വിധിയെഴുതി. എന്നാൽ അതങ്ങിനെയല്ലെന്നും റൊണാൾഡോ വീണ്ടും ചാമ്പ്യൻസ് ലീഗിൽ കളിക്കുമെന്നുമാണ് ഇപ്പോൾ പുറത്തു വരുന്ന പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

സ്‌പാനിഷ്‌ മാധ്യമമായ മാർക്കയുടെ റിപ്പോർട്ടുകൾ പ്രകാരം സൗദി ക്ലബുമായി റൊണാൾഡോ ഒപ്പിട്ട കരാറിൽ ഒരു അപൂർവ ഉടമ്പടിയുണ്ട്. ഇത് പ്രകാരം സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ കീഴിലുള്ള ക്ലബായ ന്യൂകാസിൽ യുണൈറ്റഡ് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗിനു യോഗ്യത നേടിയാൽ അവർക്കു വേണ്ടി കളിക്കാൻ റൊണാൾഡോക്ക് കഴിയും. സൗദി അറേബ്യൻ ക്ലബ്ബിലേക്കുള്ള ട്രാൻസ്‌ഫറിനു റൊണാൾഡോ സമ്മതം മൂളിയത് ഒന്നും കാണാതെയല്ലെന്നാണ് ഈ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

2030 ലോകകപ്പിനായി ശ്രമം നടത്തുന്ന സൗദി അറേബ്യ റൊണാൾഡോയെ അംബാസിഡറാക്കി അതിനു വേണ്ടിയുള്ള നീക്കങ്ങൾ നടത്താനാണ് ഒരുങ്ങുന്നത്. ഇതുവരെയും താരം അതുമായി ബന്ധപ്പെട്ട കരാറിൽ ഒപ്പു വെച്ചിട്ടില്ലെങ്കിലും ന്യൂകാസിൽ യുണൈറ്റഡിൽ കളിക്കുന്നത് അതിന്റെ ഭാഗമായി താരം ആവശ്യപ്പെട്ടിരിക്കാൻ സാധ്യതയുണ്ട്. ഈ അഭ്യൂഹങ്ങൾ ശക്തമായാൽ അടുത്ത സീസണിൽ താരം പ്രീമിയർ ലീഗിലും ചാമ്പ്യൻസ് ലീഗിലും വീണ്ടും കളിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

നിലവിൽ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന ക്ലബാണ് ന്യൂകാസിൽ യുണൈറ്റഡ്. കൃത്യമായ പദ്ധതികളിലൂടെ മുന്നോട്ടു പോകുന്ന അവർ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനുള്ള സാധ്യതയുമുണ്ട്. അതേസമയം പ്രീമിയർ ലീഗ്  ഭാഗമാകാൻ തന്റെ ഫോം റൊണാൾഡോ തെളിയിക്കണം. ഈ സീസണിൽ സൗദി അറേബ്യൻ ക്ലബിനൊപ്പം അതായിരിക്കും താരത്തിന്റെ പ്രധാനപ്പെട്ട ലക്‌ഷ്യം.

You Might Also Like