പോർട്ടോ പ്രസിഡന്റിന്റെ ബെറ്റിനു സമ്മതം മൂളി റൊണാൾഡോ, ഇനി അവിശ്വസനീയ ലക്ഷ്യത്തിലേക്കുള്ള ചുവടുവെപ്പുകൾ

മുപ്പത്തിയെട്ടാം വയസിലും മിന്നുന്ന പ്രകടനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തുന്നത്. യൂറോപ്പ് വിട്ട് സൗദി അറേബ്യയിലേക്ക് ചേക്കേറിയത് താരത്തിന്റെ ആത്മവിശ്വാസം വീണ്ടെടുക്കാൻ സഹായിച്ചിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. സൗദി ക്ലബായ അൽ നസ്റിന് വേണ്ടിയും പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടിയും മികച്ച പ്രകടനം നടത്തുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ മത്സരത്തിൽ നേടിയ രണ്ടു ഗോളുകൾ സ്ലോവാക്യക്കെതിരെ വിജയം നേടാനും യൂറോ കപ്പിന് യോഗ്യത ഉറപ്പിക്കാനും പോർച്ചുഗലിന്റെ സഹായിച്ചു.

നിലവിൽ സൗദി ലീഗിലെ ടോപ് സ്കോററും യൂറോ കപ്പ് യോഗ്യത റൗണ്ടിൽ പോർച്ചുഗലിന്റെ ടോപ് സ്‌കോററുമായ റൊണാൾഡോ മുപ്പത്തിയെട്ടാം വയസിൽ തനിക്കെന്ത് ചെയ്യാൻ കഴിയുമെന്ന് തെളിയിക്കുന്നു. 125 ഗോളുകൾ പോർചുഗലിനായി സ്വന്തമാക്കി ഇന്റർനാഷണൽ ടോപ് സ്കോറർമാരിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന റൊണാൾഡോ ഇതുവരെ കരിയറിൽ 857 ഗോളുകൾ സ്വന്തമാക്കി ആ നേട്ടത്തിന്റെ കാര്യത്തിലും ഒന്നാം സ്ഥാനത്താണ്.

അതിനിടയിൽ പോർച്ചുഗീസ് ക്ലബായ പോർട്ടോയുടെ പ്രസിഡന്റ് ആയിരം കരിയർ ഗോളുകൾ നേടാൻ പറഞ്ഞ് റൊണാൾഡോയുമായി ബെറ്റു വെച്ചിരുന്നു. ആത്മവിശ്വാസത്തോടു കൂടി അതിനു സമ്മതം മൂളിയിരിക്കുകയാണ് റൊണാൾഡോ. തന്റെ ആരോഗ്യസ്ഥിതി നല്ല രീതിയിൽ തുടരുകയാണെങ്കിൽ അതിനു കഴിയുമെന്ന വിശ്വാസം റൊണാൾഡൊക്കുണ്ട്. ആദ്യം 900 ഇന്റർനാഷണൽ ഗോളുകൾ നേടുകയാണ് തന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കിയ റൊണാൾഡോ അതിനു ശേഷം ആയിരം ഗോളുകൾക്കാണ് ശ്രമം നടത്തുമെന്നും വ്യക്തമാക്കി.

മുപ്പത്തിയെട്ടാം വയസിലും പരിക്കിന്റെ ബുദ്ധിമുട്ടുകൾ ഒന്നുമില്ലാത്ത റൊണാൾഡോ മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്. സൗദി പ്രൊ ലീഗ് കുറച്ചുകൂടി എളുപ്പമാണ് എന്നതിനാൽ താരത്തിന് കൂടുതൽ ഗോളുകൾ അടിച്ചു കൂട്ടാൻ കഴിയും. റൊണാൾഡോയെ സംബന്ധിച്ച് ഇനിയുള്ള ലക്‌ഷ്യം യൂറോ കപ്പും അതിനു ശേഷം ലോകകപ്പുമാണ്. അടുത്ത ലോകകപ്പ് വരെ കരിയർ തുടർന്നാൽ റൊണാൾഡോക്ക് ആയിരം ഗോളുകളെന്ന ലക്ഷ്യവും സ്വന്തമാക്കാൻ കഴിയുമെന്നതിൽ സംശയമില്ല.

You Might Also Like