ആദ്യ മത്സരം ജയിക്കുന്നതിലല്ല കിരീടം നേടുന്നതിലാണ് പ്രാധാന്യം, രോഹിത്ത് നിലപാട് വ്യക്തമാക്കുന്നു

ഐപിഎല്‍ പതിനാലാം സീസണിലെ ആദ്യ മത്സരത്തില്‍ നേരിയ തോല്‍വി ഏറ്റുവാങ്ങിയെങ്കിലും അതൊന്നും തങ്ങളെ ഒരുവിധത്തിലും ബാധിച്ചിട്ടില്ലെന്നാണ് മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത്ത് ശര്‍മ്മ പറയുന്നത്. തുടര്‍ച്ചയായി ഒമ്പതാം സീസണിലും ആദ്യ മത്സരത്തില്‍ പരാജയപെട്ടുവെങ്കിലും ആദ്യ മത്സരത്തില്‍ വിജയിക്കുന്നതിന് പ്രാധാന്യമില്ലയെന്നും മത്സരശേഷം രോഹിത് ശര്‍മ്മ പറഞ്ഞു.

2013 മുതല്‍ ഐ പി എല്‍ സീസണിലെ ആദ്യം മത്സരത്തില്‍ വിജയിക്കാന്‍ മുംബൈ ഇന്ത്യന്‍സിന് സാധിച്ചിട്ടില്ല. തുടര്‍ച്ചയായി ഒമ്പത് സീസണിലും ആദ്യ മത്സരത്തില്‍ പരാജയപെട്ടെങ്കിലും 5 സീസണുകളില്‍ കിരീടം നേടാന്‍ മുംബൈ ഇന്ത്യന്‍സിന് സാധിച്ചിട്ടുണ്ട്. ചെന്നൈയില്‍ ബാംഗ്ലൂരിനെതിരെ നടന്ന മത്സരത്തില്‍ അവസാന പന്തിലാണ് മുംബൈ ഇന്ത്യന്‍സ് പരാജയപെട്ടത്. മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ഉയര്‍ത്തിയ 160 റണ്‍സിന്റെ വിജയലക്ഷ്യം 20 ഓവറിലെ അവസാന പന്തില്‍ 8 വിക്കറ്റ് നഷ്ട്ടത്തിലാണ് ആര്‍ സി ബി മറികടന്നത്.

‘ ആദ്യ മത്സരം വിജയിക്കുന്നതിലല്ല, ടൂര്‍ണമെന്റ് വിജയിക്കുന്നതാണ് പ്രധാനപ്പെട്ട കാര്യം. മികച്ച പ്രകടനമന് മത്സരത്തില്‍ ഞങ്ങള്‍ കാഴ്ച്ചവെച്ചത്. അവസാന നിമിഷം വരെ ഞങ്ങള്‍ പോരാടി. മികച്ച തുടക്കമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. 20 റണ്‍സെങ്കിലും അധികമായി ഞങ്ങള്‍ക്ക് നേടാന്‍ സാധിക്കുമായിരുന്നു. ആദ്യ മത്സരത്തില്‍ ചില പിഴവുകള്‍ ഞങ്ങളുടെ ഭാഗത്തുനിന്നുമുണ്ടായി, അത് സ്വഭാവികമാണ്. ജാന്‍സെന്റെ കഴിവുകള്‍ ഞങ്ങള്‍ തിരിച്ചറിഞ്ഞു, ഏത് സാഹചര്യത്തിലും പന്തെറിയാന്‍ അവന് സാധിക്കും. ‘ രോഹിത് ശര്‍മ്മ പറഞ്ഞു.

‘ ഡിവില്ലിയേഴ്‌സും ഡാനിയേല്‍ ക്രിസ്റ്റ്യനും ബാറ്റ് ചെയ്യവേ വിക്കറ്റ് ഞങ്ങള്‍ക്ക് ആവശ്യമായിരുന്നു, അതുകൊണ്ടാണ് ബുംറയ്ക്കും ബോള്‍ട്ടിനും ഞങ്ങള്‍ ഓവര്‍ നല്‍കിയത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ പദ്ധതികള്‍ വിജയിച്ചില്ല. എ ബി മികച്ച പ്രകടനത്തിലൂടെ അവരെ വിജയത്തിലെത്തിച്ചു. തീര്‍ച്ചയായും ഇത് ബാറ്റിങിന് അനുകൂലമായ പിച്ചല്ലായിരുന്നു. കഴിഞ്ഞ സീസണിലെ പോലെ തയ്യാറെടുപ്പിനായി ഒരുപാട് സമയം ഇത്തവണ ലഭിച്ചിട്ടില്ല. ‘ രോഹിത് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു.

മികച്ച ഹോം റെക്കോര്‍ഡുള്ള ടീമുകള്‍ക്ക് ന്യൂട്രല്‍ വേദികളില്‍ കളിക്കുകയെന്നത് എളുപ്പമല്ലയെന്നും തുടര്‍ന്നുള്ള മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും രോഹിത് ശര്‍മ്മ പറഞ്ഞു. ഏപ്രില്‍ 13 ന് ഇതേ വേദിയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് മുംബൈ ഇന്ത്യന്‍സിന്റെ അടുത്ത മത്സരം

You Might Also Like