റണ്‍വേട്ടയില്‍ പൊരിഞ്ഞ അടി, മൂന്നാം സ്ഥാനത്തേയ്ക്ക് കുതിച്ച് രോഹിത്ത്

ഐപിഎല്ലിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്ക് കുതിച്ചുയര്‍ന്ന് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ. ഐപിഎല്ലില്‍ ഇതിനോടകം 202 മത്സരങ്ങള്‍ കളിച്ചിട്ടുളള രോഹിത്ത് 5292 റണ്‍സാണ് സ്വന്തമാക്കിയത്.

177 മത്സരങ്ങളില്‍ 5282 റണ്‍സ് സ്വന്തമാക്കിയിട്ടുളള ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ശിഖര്‍ ധവാനെയാണ് രോഹിത്ത് നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളിയത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരായ മത്സരത്തിലാണ് രോഹിത് നേട്ടത്തിലെത്തിയത്. മത്സരത്തില്‍ 32 പന്ത് നേരിട്ടപ്പോള്‍ മൂന്ന് ഫോറും ഒരു സിക്സും സഹിതം 43 റണ്‍സ് രോഹിത് കുറിച്ചു. രോഹിത്തിനെ പേസര്‍ പാറ്റ് കമ്മിന്‍സ് ബൗള്‍ഡാക്കുകയായിരുന്നു.

ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നായകന്‍ വിരാട് കോഹ്ലയാണ് പട്ടികയില്‍ ഒന്നാമത്. 193 മത്സരങ്ങളില്‍ നിന്ന് 5911 റണ്‍സ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം സുരേഷ് റെയ്നയാണ് 194 കളികളില്‍ 5422 റണ്‍സുമായി രണ്ടാമത്.

രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സിയില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സ് 10 റണ്‍സിന്റെ നാടകീയ ജയം സ്വന്തമാക്കിയിരുന്നു. സീസണില്‍ മുംബൈയുടെ ആദ്യ ജയമാണിത്. 153 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്തക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

You Might Also Like