ഭുംറ ഇനി അധിക കാലമില്ലെന്ന് ദ്രാവിഡിനും രോഹിത്തിനും അറിയാം, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സെലക്ടര്‍

ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ ജസ്പ്രീത് ഭുംറയെ വരും മാസങ്ങളില്‍ ഇന്ത്യയ്ക്കായി കളിക്കാന്‍ സാധിക്കില്ലെന്ന് പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കും അറിയായിരുന്നെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും സെലക്ടറുമായ സബ കരീം പറഞ്ഞു. അതിനാലാണ് ഇരുവരും തങ്ങളുടെ യുവ ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് കൂടുതല്‍അവസരം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

ഏഷ്യ കപ്പില്‍ ഭുവനേശ്വര്‍ കുമാറിന് ഒപ്പം അര്‍ഷദീപിനും അവേശ് ഖാനും അവസരം നല്‍കിയതിനെ കുറിച്ച് സംസാരിക്കുകയായിരുന്നു സാബാ കരീം.രാജ്യത്ത് കഴിവുള്ള നിരവധി പേസര്‍മാരുണ്ടെങ്കിലും ഭുംറ വിട്ടുനില്‍ക്കുന്നത് ഇന്ത്യന്‍ ടീമിന് തിരിച്ചടിയാകുമെന്നും സാബാ കരിം വിലയിരുത്തുന്നു.

‘ജസ്പ്രിത് ഭുംറ എല്ലാ ഫോര്‍മാറ്റിലും സ്വാധീനമുള്ള ബൗളറാണ്. ഭാവിയില്‍ അദ്ദേഹം ലഭ്യമായേക്കില്ല എന്ന് ഇന്ത്യ തിരിച്ചറിഞ്ഞതിനാല്‍ അതിനനുസരിച്ച് തയ്യാറെടുക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്’ സാബാ കരീം പറയുന്നു.

‘അതിനാലാണ് ടീമില്‍ നിരവധി പുതുമുഖങ്ങള്‍ ഉള്ളത്. ജസ്പ്രീത് ഭുംറയ്ക്ക് പകരക്കാരായി മാനേജ്‌മെന്റ് അവര്‍ക്ക് സ്ഥിരമായ അവസരങ്ങള്‍ നല്‍കും. അല്ലെങ്കില്‍ അവരുടെ നമ്പര്‍ വണ്‍ ബൗളറായ ഭുംറയെ ഒരുപക്ഷെ ഇന്ത്യയ്ക്ക് എന്നെന്നേയ്ക്കുമായി നഷ്ടപ്പെട്ടേയ്ക്കും’ സാബ കരീം കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയിലാണ് ഭുംറ ഇന്ത്യക്കായി അവസാനമായി കളിച്ചത്. ഏഷ്യാ കപ്പ് സെലക്ഷന് മുന്നോടിയായി പരിക്കേറ്റ അദ്ദേഹത്തിനെ ഏഷ്യാ കപ്പിനുള്ള ടീമില്‍ നിന്ന് പുറത്തായിരുന്നു. ലോകകപ്പും ഭുംറയ്ക്ക് നഷ്ടപ്പെട്ടേയ്ക്കും എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

 

You Might Also Like