വിസ്‌ഫോടനം തീര്‍ത്ത് സെവാഗ്-സച്ചിന്‍ കൂട്ടുകെട്ട്, സിക്‌സും ഫോറും ചറപറ, ഇന്ത്യയ്ക്ക് 10 വിക്കറ്റ് ജയം

റോഡ് സേഫ്റ്റി വേള്‍ഡ് സീരിയസ് ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ബംഗ്ലാദേശ് ലെജന്‍സിനെ തകര്‍ത്ത് ഇന്ത്യന്‍ ലെജന്‍സ്. 10 വിക്കനാണ് ഇന്ത്യന്‍ ലെജന്‍സ് ബംഗ്ലാദേശ് ലെജന്‍സിനെ തകര്‍ത്തത്. ഇന്ത്യന്‍ ലെജന്‍സിനായി ഓപ്പണ്‍ ചെയ്ത സച്ചിന്‍-സെവാഗ് കൂട്ടുകെട്ടാണ് ബംഗ്ലാ കടുവകള്‍ക്ക് ഒരവസരം പോലും നല്‍കാതെ തകര്‍ത്തുകളഞ്ഞത്.

പഴയ കാലം ഓര്‍മ്മിപ്പിക്കും വിധം സെവാഗും സച്ചിനും ബാറ്റ് വീശിയപ്പോള്‍ അത് ക്രിക്കറ്റ് പ്രേമികള്‍ക്ക് മറക്കാനാകാത്ത അനുഭവമായി മാറി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 19.4 ഓവറില്‍ 109 റണ്‍സിന് പുറത്താകുകയായിരുന്നു. 49 റണ്‍സെടുത്ത ബംഗ്ലാദേശ് ഓപ്പണര്‍ നാസിമുദ്ദീന്‍ മാത്രമാണ് അവരുടെ നിരയില്‍ തിളങ്ങിയത്. ഇന്ത്യയ്ക്കായി വിനയ് കുമാറും യുവരാജ് സിംഗും പ്രഖ്യാന്‍ ഓജയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മറുപടി ബാറ്റിംഗിലാണ് ഇന്ത്യ കാത്തിരുന്ന വെടിക്കെട്ട് സംഭവിച്ചത്. കേവലം 10 ഫോറും അഞ്ച് സിക്‌സും സഹിതം 80 റണ്‍സാണ് സെവാഗ് പുറത്താകാതെ അടിച്ചെടുത്തത്. ബംഗ്ലാ ബൗളര്‍മാരെ ഓരോരുത്തരേയും ശിക്ഷിച്ച താരം ഐപിഎല്ലിനേക്കാള്‍ വലിയ ആവേശമാണ് ക്രിക്കറ്റ് പ്രേമികള്‍ക്ക് നല്‍കിയത്.

സച്ചിനും ഒട്ടും മോശമാക്കിയില്ല. 26 പന്തില്‍ അഞ്ച് ബൗണ്ടറി സഹിതം പുറത്താകാതെ 33 റണ്‍സെടുത്തു. ഇതോടെ ബംഗ്ലാ വിജയലക്ഷ്യം ഇന്ത്യ 10.1 ഓവറില്‍ മറികടന്നു.

You Might Also Like