സൗദി നിർത്താനൊരുക്കമല്ല, ചാമ്പ്യൻസ് ലീഗ് നേടിയ മാഞ്ചസ്റ്റർ സിറ്റി സൂപ്പർതാരത്തെ റാഞ്ചി

ഖത്തർ ലോകകപ്പിന് ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കി ലോകഫുട്ബോളിനെ തന്നെ ഞെട്ടിച്ച സൗദി അറേബ്യ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ അതിന്റെ തുടർച്ചയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. റൊണാൾഡോയെ അൽ നസ്ർ സ്വന്തമാക്കിയപ്പോൾ ബെൻസിമ, ഫിർമിനോ, കാന്റെ, മെൻഡി തുടങ്ങി നിരവധി വമ്പൻ താരങ്ങൾ മറ്റു ക്ലബുകളിലേക്കും എത്തിയിട്ടുണ്ട്.

സൗദി അറേബ്യൻ ക്ലബുകളുടെ ട്രാൻസ്‌ഫർ നീക്കങ്ങൾ ഇപ്പോഴൊന്നും അവസാനിക്കാനുള്ള സാധ്യതയില്ല. സമ്മർ ട്രാൻസ്‌ഫർ ജാലകം അവസാനിക്കുന്നതിനു മുൻപ് സാധ്യമായ താരങ്ങളെയെല്ലാം യൂറോപ്പിൽ നിന്നും എത്തിക്കാനുറപ്പിച്ചു തന്നെയാണ് സൗദി ക്ലബുകൾ നീങ്ങുന്നത്. മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ അൾജീരിയൻ താരം റിയാദ് മഹ്‌റസാണ് ഇപ്പോൾ സൗദി അറേബ്യൻ ക്ലബിന്റെ ലക്‌ഷ്യം.

റിപ്പോർട്ടുകൾ പ്രകാരം സൗദി അറേബ്യൻ ക്ലബായ അൽ അഹ്ലിയാണ് റിയാദ് മഹ്‌റസിനെ സ്വന്തമാക്കാൻ നീക്കങ്ങൾ നടത്തുന്നത്. മുപ്പത്തിരണ്ടുകാരനായ താരത്തിന് ട്രാൻസ്‌ഫർ ഫീസായി മുപ്പതു മില്യൺ യൂറോയാണ് അൽ അഹ്ലി വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. അതിനു പുറമെ രണ്ടു വർഷത്തെ കരാറിനായി 43 മില്യൺ പൗണ്ട് പ്രതിഫലവും സൗദി അറേബ്യൻ ക്ലബ് വാഗ്‌ദാനം ചെയ്യുന്നു.

റിപ്പോർട്ടുകൾ പ്രകാരം താരം സൗദി അറേബ്യയിലേക്ക് ചേക്കേറാൻ വ്യക്തിപരമായി സമ്മതിച്ചിട്ടുണ്ട്. ഇനി ക്ലബിന്റെ അനുമതി മാത്രം മതിയാകും താരത്തിന് സൗദി അറേബ്യയിലെത്താൻ. സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ കീഴിലുള്ള ക്ലബുകളിൽ ഒന്നാണ് അൽ അഹ്ലി. സൗദി പബ്ലിക്ക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് തന്നെയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ന്യൂകാസിൽ യുണൈറ്റഡിന്റേയും ഉടമകൾ.

You Might Also Like