“മെസി നടത്തിയതിനേക്കാൾ മികച്ച പ്രകടനം”- എംബാപ്പെക്ക് ഇതിഹാസതാരത്തിന്റെ പ്രശംസ

പോളണ്ടിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ഫ്രാൻസിനായി നിറഞ്ഞാടുകയായിരുന്നു കിലിയൻ എംബാപ്പെ. കഴിഞ്ഞ ലോകകപ്പ് ഫ്രാൻസിന് നേടിക്കൊടുക്കാൻ നിർണായക പങ്കു വഹിച്ച താരം ഈ ലോകകപ്പും ഫ്രാൻസിലേക്ക് തന്നെയെന്ന വിശ്വാസം ആരാധകർക്കു നൽകി രണ്ടു ഗോളും ഒരു അസിസ്റ്റും പോളണ്ടിനെതിരെ സ്വന്തമാക്കുകയുണ്ടായി. ഇതോടെ ലോകകപ്പ് ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ മറ്റുള്ള താരങ്ങളെയെല്ലാം മറികടന്ന് അഞ്ചു ഗോളുമായി ഒറ്റക്ക് മുന്നിലെത്താനും താരത്തിന് കഴിഞ്ഞു.

ഒരാൾക്കും തന്നെ തടുക്കാൻ കഴിയില്ലെന്ന് ഉറപ്പിക്കുന്ന പ്രകടനമാണ് എംബാപ്പെ ഇന്നലെ നടത്തിയത്. ഈ ടൂർണമെന്റിൽ തകർപ്പൻ പ്രകടനം നടത്തിയ പോളണ്ട് ഗോൾകീപ്പർ ഷെസ്‌നി എംബാപ്പയുടെ രണ്ടു ഗോളുകളിലും തീർത്തും നിസ്സഹായനായിരുന്നു. പൊടുന്നനെ മുന്നോട്ടു കുതിക്കാനും ചെറിയ സ്‌പേസുകൾ പോലും ഉപയോഗിക്കാനും രണ്ടു കാലുകൾ കൊണ്ടും ഒരുപോലെ ഗോൾപോസ്റ്റിന്റെ മൂലകൾ കണ്ടെത്താനുമുള്ള എംബാപ്പയുടെ കഴിവ് ഇന്നലത്തെ മത്സരത്തോടെ വീണ്ടും തെളിയിക്കപ്പെട്ടു.

ഇന്നലത്തെ മത്സരത്തിലെ താരത്തിന്റെ പ്രകടനത്തിന് ലഭിക്കുന്ന പ്രശംസകളുടെ കൂട്ടത്തിൽ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം റിയോ ഫെർഡിനാൻഡ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ഓസ്‌ട്രേലിയക്കെതിരെ ലയണൽ മെസി നടത്തിയ പ്രകടനത്തെ ഈ ടൂർണമെന്റിലെ ഏറ്റവും മികച്ച വ്യക്തിഗത പ്രകടനമെന്ന് ഫെർഡിനാൻഡ് വിലയിരുത്തിയിരുന്നു. എന്നാൽ പോളണ്ടും ഫ്രാൻസും തമ്മിലുള്ള പ്രീ ക്വാർട്ടർ കഴിഞ്ഞതോടെ അതിൽ അദ്ദേഹം തിരുത്തൽ വരുത്തിയിരിക്കുകയാണ്.

“കഴിഞ്ഞ ദിവസം ഞാൻ മെസിയുടെ പ്രകടനമാണ് ഏറ്റവും മികച്ചതെന്ന് പറയുകയുണ്ടായി. എന്നാലിന്ന് എംബാപ്പെ ഏറ്റവും വിസ്ഫോടനാത്മകമായ പ്രകടനമാണ് കാഴ്‌ച വെച്ചത്. കളിക്കളത്തിന്റെ എല്ലാ ഏരിയകളെയും താരം തകർത്തെറിഞ്ഞു കളഞ്ഞു.” ബിബിസിയോട് സംസാരിക്കുന്ന സമയത്ത് ഫുട്ബോൾ പണ്ഡിറ്റ് കൂടിയായ ഫെർഡിനാൻഡ് പറഞ്ഞു.

ഇന്നലെ നടന്ന മത്സരത്തിന്റെ ആദ്യപകുതി അവസാനിക്കുന്നതിനു മുൻപ് ജിറൂദ് ഗോൾ നേടുന്നത് വരെയും ഫ്രാൻസിന്റെ പ്രകടനത്തിന് ഒപ്പം പിടിക്കാൻ പോളണ്ടിന് കഴിഞ്ഞിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ അതിനവരെ അനുവദിക്കാതെ എംബാപ്പെ നിറഞ്ഞു നിന്നു. ഏതു നിമിഷവും കളിയുടെ ഗതിമാറ്റാൻ തനിക്ക് കഴിയുമെന്ന് ഇന്നലത്തെ മത്സരത്തോടെ തെളിയിച്ച താരം ലോകകിരീടം നേടാൻ ആഗ്രഹിക്കുന്ന ടീമുകൾക്കെല്ലാം ഒരു മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.

You Might Also Like