സഞ്ജു ചതിച്ചെന്ന, അംപയറോട് പൊട്ടിത്തെറിച്ച് ഗാംഗുലിയും പോണ്ടിംഗും

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഡല്‍ഹി ക്യാപ്റ്റല്‍ മത്സരത്തിനിടെ ചില ചൂടന്‍ രംഗങ്ങളും സംഭവിച്ചു. രാജസ്ഥാന്‍ ഇംപാക്ട് പ്ലെയറെ ഉപയോഗിച്ച രീതിയാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഐപിഎല്‍ നിയമ പ്രകാരം പരമാവധി നാല് വിദേശ താരങ്ങളെയാണ് ഒരു സമയം ഒരു ടീമിന് ഫീല്‍ഡിലിറക്കാന്‍ കഴിയുകയുള്ളൂ. എന്നാല്‍ രാജസ്ഥാന്‍ ഇത് പരിഗണിക്കാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്.

രാജസ്ഥാന്‍ മൂന്ന് താരങ്ങളെയാണ് ആദ്യം പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. ജോസ് ബട്ലര്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, ട്രന്റ് ബോള്‍ട്ട് എന്നിവരായിരുന്നു ഈ താരങ്ങള്‍. എന്നാല്‍ ആദ്യ ബാറ്റിങ് കഴിഞ്ഞ് ബോളിങ്ങിനിറങ്ങിയപ്പോള്‍ ഇംപാക്ട് പ്ലെയറായി നാന്ദ്രെ ബര്‍ഗറെ രാജസ്ഥാനിറക്കി.

ഇതിനോടൊപ്പം റോവ്മാന്‍ പവലിനെ ഫീല്‍ഡിങ്ങിനും ഇറക്കി. ബര്‍ഗര്‍ കളത്തിലെത്തിയപ്പോള്‍ ഹെറ്റ്മെയര്‍ പുറത്തുപോയി. എന്നാല്‍ ഐപിഎല്‍ നിയമ പ്രകാരം മറ്റൊരു വിദേശ താരത്തെക്കൂടി ഇറക്കാന്‍ രാജസ്ഥാന് സാധിക്കില്ല. എന്നാല്‍ ഇത് അറിയാമായിരുന്നിട്ടും രാജസ്ഥാന്‍ പവലിനെ മൈതാനത്തിറക്കി.

ഇതോടെ ഡല്‍ഹി ഹെഡ് കോച്ച് റിക്കി പോണ്ടിംഗും ക്രിക്കറ്റ് ഡയറക്ടര്‍ സൗരവ് ഗാംഗുലിയും ഫോര്‍ത്ത് അംപയറോട് ഇതുസംബന്ധിച്ച് തര്‍ക്കിച്ചു. അംപയറോട് പോണ്ടിംഗ് കയര്‍ത്ത് സംസാരിക്കുകയും ചെയ്തു. രാജസ്ഥാന്റെ ട്രന്റ് ബോള്‍ട്ട് ആദ്യ പന്ത് എറിഞ്ഞ ശേഷമാണ് ഇത്തരമൊരു സംഭവമുണ്ടാകുന്നത്. ഇതോടെ അംപയര്‍മാര്‍ നായകന്‍ സഞ്ജു സാംസണോട് ഇത് അനുവദിക്കാനാവില്ലെന്ന് പറയുകയും റോവ്മാന്‍ പവലിനെ പിന്‍വലിപ്പിക്കുകയും ചെയ്തു.

സഞ്ജുവിന്റെയും കൂട്ടരുടേയും ഈ നടപടിയില്‍ ഡല്‍ഹി താരങ്ങളും പരിശീലകരും അതൃപ്തരായിരുന്നു. അപ്പോള്‍തന്നെ അവര്‍ രോഷം പ്രകടിപ്പിക്കുയും ചെയ്തു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റിയാന്‍ പരാഗിന്റെ അപരാജിത അര്‍ധ സെഞ്ചറിയുടെ (45 പന്തില്‍ 84*) ബലത്തില്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടിയപ്പോള്‍ ഡല്‍ഹിയുടെ പോരാട്ടം 173 റണ്‍സില്‍ അവസാനിച്ചു. സ്‌കോര്‍: രാജസ്ഥാന്‍ 20 ഓവറില്‍ 5ന് 185. ഡല്‍ഹി 20 ഓവറില്‍ 5ന് 173. അര്‍ധ സെഞ്ചറിയുമായി രാജസ്ഥാന്‍ ബാറ്റിങ്ങിന്റെ നെടുംതൂണായ പരാഗ് തന്നെയാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്.

You Might Also Like