സ്വയം കുഴിച്ച കുഴിയില്‍ വീണ് ലങ്ക, ഓസ്‌ട്രേലിയക്ക് കൂറ്റന്‍ ജയം

ഏകദിന പരമ്പര സ്വന്തമാക്കിയ ശ്രീലങ്കയ്ക്ക് ചുട്ടമറുപടിയുമായി ഓസ്‌ട്രേലിയ. ശ്രീലങ്കയൊരുക്കിയ സ്പിന്‍ കെണിയില്‍ അവരെത്തന്നെ വീഴ്ത്തിയാണ് ഓസ്‌ട്രേലിയ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയത്. 10 വിക്കറ്റിനാണ് ശ്രീലങ്കയെ ഓസ്‌ട്രേലിയ തകര്‍ത്തത്. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0ന് മുന്നിലെത്തി. അടുത്ത ടെസ്റ്റ് ഇതേ വേദിയില്‍ എട്ടിന് തുടങ്ങും.

സ്‌കോര്‍: ശ്രീലങ്ക 212, 113, ഓസ്‌ട്രേലിയ 321, വിക്കറ്റ് നഷ്ടമില്ലാതെ 10.

നാല് വിക്കറ്റ് വീതം നേടിയ സ്പിന്നര്‍മാരായ നേഥന്‍ ലയണിന്റെയും ട്രാവിസ് ഹെഡിന്റെയും മികച്ച പ്രകടനമാണ് മൂന്നാം ദിവസത്തെ കളിയുടെ ആദ്യ സെഷനില്‍ത്തന്നെ ഓസീസിനെ വിജയത്തിലെത്തിച്ചത്. കേവലം 113 റണ്‍സാണ് ശ്രീലങ്ക രണ്ടാം ഇന്നിംഗ്‌സില്‍ സ്വന്താക്കിയത്.

വെറും 17 പന്തുകള്‍ മാത്രമെറിഞ്ഞ ട്രാവിസ് ഹെഡ് 10 റണ്‍സ് വഴങ്ങിയാണു നാല് വിക്കറ്റെടുത്തത്. നേഥന്‍ ലയണ്‍ 11 ഓവറുകളില്‍ 31 റണ്‍സ് വഴങ്ങിയും നാല് വിക്കറ്റെടുത്തു. ആദ്യ ഇന്നിങ്‌സില്‍ ലയണ്‍ 5 വിക്കറ്റെടുത്തിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 77 റണ്‍സോടെ ടോപ് സ്‌കോററായ ഓസീസ് ബാറ്റര്‍ കാമറൂണ്‍ ഗ്രീനാണ് കളിയിലെ താരം.

ആദ്യ ഇന്നിംഗ്‌സില്‍ ശ്രീലങ്ക 212 റണ്‍സിന് പുറത്തായപ്പോള്‍ ഓസ്‌ട്രേലി 321 റണ്‍സാണ് അടിച്ചെടുത്തത്. നേരത്തെ ഏകദിന പരമ്പര ശ്രീലങ്ക 3-2ന് സ്വന്തമാക്കിയിരുന്നു.

You Might Also Like