പരിശീലകനോട് നുണ പറഞ്ഞു, റാമോസ് സ്പെയിൻ ടീമിൽ നിന്നും പുറത്തായതിന്റെ പ്രധാന കാരണമിതാണ്

ഖത്തർ ലോകകപ്പിനുള്ള സ്പെയിൻ ടീമിൽ സെർജിയോ റാമോസിന് ഇടം നൽകുന്നില്ലെന്ന പരിശീലകൻ ലൂയിസ് എൻറിക്വയുടെ തീരുമാനം ഏവരെയും അമ്പരപ്പിച്ച ഒന്നായിരുന്നു. നേരത്തെ പരിക്കു മൂലം റാമോസ് ദേശീയ ടീമിൽ നിന്നും പലപ്പോഴും തഴയപ്പെട്ടിരുന്നെങ്കിലും ഈ സീസണിൽ പിഎസ്‌ജി പ്രതിരോധനിരയിലെ സ്ഥിരസാന്നിധ്യമാണ് മുപ്പത്തിയാറു വയസുള്ള താരം. സ്പെയിനിനും റയൽ മാഡ്രിഡിനും വേണ്ടി സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കിയ താരത്തിന് അവസാന ലോകകപ്പ് കളിക്കാൻ അവസരം നൽകണമെന്ന ആവശ്യം പലരും ഉന്നയിച്ചിരുന്നെങ്കിലും അതിനു പിന്നിലെ കാരണങ്ങൾ കാറ്റലൻ മാധ്യമമായ സ്പോർട്ട് വെളിപ്പെടുത്തുകയുണ്ടായി.

സ്പെയിൻ ടീമിൽ നിന്നും സെർജിയോ റാമോസ് പുറത്തു പോകാനുണ്ടായ പ്രധാനപ്പെട്ട കാരണം താരം പരിശീലകനെ തെറ്റിദ്ധരിപ്പിച്ചുവെന്നതാണ്. 2021ൽ കൊസോവക്കെതിരായ മത്സരത്തിന് മുൻപ് താൻ പൂർണമായും ഫിറ്റ്നസ് വീണ്ടെടുത്തുവെന്നാണ് റാമോസ് പറഞ്ഞത്. മത്സരത്തിൽ താരം കളിക്കുകയും ചെയ്‌തു. എന്നാൽ അതിനു ശേഷം റാമോസ് റയൽ മാഡ്രിഡിൽ എത്തിയത് പരിക്കേറ്റാണ്. തുടർന്ന് മാസങ്ങളോളം താരം കളിക്കളത്തിനു പുറത്തിരുന്നു. പൊതുവെ കർക്കശ സ്വഭാവമുള്ള ലൂയിസ് എൻറിക് അതിനു ശേഷം ഇതുവരെ താരത്തെ സ്പെയിൻ ടീമിലേക്ക് പരിഗണിച്ചിട്ടില്ല.

മാഞ്ചസ്റ്റർ സിറ്റി താരമായ അയ്മെറിക് ലപോർട്ടെ പരിക്കു മാറി തിരിച്ചെത്തിയതും റാമോസിന് സ്പെയിൻ ടീമിൽ സ്ഥാനം നഷ്‌ടപ്പെടാനുണ്ടായ കാരണങ്ങളിലൊന്നാണ്. പരിക്കിൽ നിന്നും തിരിച്ചു വന്നതിനു ശേഷം എട്ടോളം മത്സരങ്ങളിൽ കളിച്ച താരം അതിൽ അഞ്ചെണ്ണത്തിലും തൊണ്ണൂറു മിനുട്ട് പൂർത്തിയാക്കി തന്റെ ഫിറ്റ്നസ് തെളിയിച്ചിട്ടുണ്ട്. അതിനു പുറമെ ഈ സീസണിൽ വലൻസിയക്കായി മികച്ച ഹ്യൂഗോ ഗുയില്ലമോൺ മികച്ച പ്രകടനം നടത്തുന്നതും റാമോസിന് തിരിച്ചടിയായി. ഇരുപത്തിരണ്ടു വയസുള്ള താരത്തെ ലൂയിസ് എൻറിക്വക്ക് പരിഗണിക്കാതിരിക്കാൻ കഴിയുമായിരുന്നില്ല.

പരിചയസമ്പന്നനും നിരവധി ആരാധകരുള്ള താരവുമായ സെർജിയോ റാമോസിനെ ഒഴിവാക്കിയതിലൂടെ വലിയൊരു സാഹസമാണ് ലൂയിസ് എൻറിക്വ നടത്തിയിരിക്കുന്നത്. ഖത്തർ ലോകകപ്പിൽ സ്പെയിൻ നേരത്തെ പുറത്തായാൽ ആരാധകർ ലൂയിസ് എൻറിക്വക്കെതിരെ വിമർശനമുയർത്തുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ എന്തിനെയും സധൈര്യം നേരിടാൻ തന്നെയാണ് ബാഴ്‌സലോണയെ ട്രെബിൾ കിരീടനേട്ടത്തിലേക്ക് നയിച്ചിട്ടുള്ള പരിശീലകന്റെ തീരുമാനമെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്.

You Might Also Like