അർജന്റീനയുടെ തന്ത്രജ്ഞനെ റാഞ്ചാൻ റയൽ മാഡ്രിഡ്, നീക്കങ്ങൾ ആരംഭിച്ചു

അർജന്റീന ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റ് ക്ലൗഡിയോ ടാപ്പിയയും പരിശീലകൻ ലയണൽ സ്‌കലോണിയും തമ്മിലുള്ള ബന്ധം ഉലഞ്ഞതായി വാർത്തകൾ ശക്തമാണ്. ഇതിന്റെ സൂചന കഴിഞ്ഞ ഇന്റർനാഷണൽ ബ്രേക്കിൽ സ്‌കലോണി തന്നെ നൽകിയിരുന്നു. അർജന്റീന ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്നും താൻ മാറി നിൽക്കുമെന്ന രീതിയിലാണ് അദ്ദേഹം പ്രതികരിച്ചത്. ആരാധകർക്ക് വളരെയധികം ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു അത്.

കഴിഞ്ഞ ലോകകപ്പ് നേടിയപ്പോൾ അർജന്റീന ടീമിലെ കോച്ചിങ് സ്റ്റാഫിന് ഉറപ്പു നൽകിയ ബോണസ് നൽകാത്തതാണ് അസ്വാരസ്യങ്ങൾക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിച്ചത്. എന്തായാലും ഇതുവരെയും ആ പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടില്ലെന്നു വ്യക്തമാണ്. ഇതിനെത്തുടർന്ന് അർജന്റീന കോച്ചിങ് സ്റ്റാഫുകൾ കോപ്പ അമേരിക്ക നറുക്കെടുപ്പിൽ നിന്നും വിട്ടു നിന്നിരുന്നു. സ്‌കലോണിയും സംഘവും ഇടഞ്ഞു തന്നെയാണ് നിൽക്കുന്നതെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

എന്തായാലും അർജന്റീന ടീമിലെ നിലവിലെ സാഹചര്യം മുതലെടുത്ത് സ്‌കലോണിയെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ റയൽ മാഡ്രിഡ് ആരംഭിച്ചുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിലെ പരിശീലകനായ കാർലോ ആൻസലോട്ടിക്ക് പകരക്കാരനായാണ് റയൽ മാഡ്രിഡ് സ്‌കലോണിയെ നോട്ടമിടുന്നത്. ഇതിനു വേണ്ടി അവർ പ്രാഥമികമായ അന്വേഷണം നടത്തിയിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ വിവരങ്ങൾ.

തന്റെ ഭാവിയെക്കുറിച്ച് ആൻസലോട്ടി ഇതുവരെ വ്യക്തമായി ഒന്നും പറഞ്ഞില്ലെങ്കിലും ഈ സീസൺ കഴിഞ്ഞാൽ അദ്ദേഹം റയലിനൊപ്പം ഉണ്ടാകുമെന്ന് ഉറപ്പില്ല. ബ്രസീൽ ടീമിന്റെ പരിശീലകനാകാൻ അദ്ദേഹം കരാർ ഒപ്പിട്ടുവെന്ന അഭ്യൂഹങ്ങൾ ശക്തമായതിനെ തുടർന്നാണ് റയൽ മാഡ്രിഡ് പുതിയ പരിശീലകനെ തേടുന്നത്. എന്തായാലും അർജന്റീന ടീമിന്റെ പരിശീലകസ്ഥാനത്തു നിന്നും സ്‌കലോണി പടിയിറങ്ങിയാൽ അതവർക്കൊരു തിരിച്ചടി തന്നെയാകും.

You Might Also Like