അർജന്റീന താരത്തിന് ആവശ്യക്കാർ വർധിക്കുന്നു, റയലും ബാഴ്‌സയും തമ്മിൽ പോരാട്ടം

റിവർപ്ലേറ്റിൽ നിന്നും മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയ ജൂലിയൻ അൽവാരസ് കഴിഞ്ഞ ലോകകപ്പിലാണ് ഹീറോ ആകുന്നത്. ലൗറ്റാറോ മാർട്ടിനസ് മോശം ഫോമിലേക്ക് വീണതോടെ ലഭിച്ച അവസരം താരം കൃത്യമായി മുതലെടുത്തു. നാല് ഗോളുകൾ നേടി അർജന്റീനയുടെ കിരീടനേട്ടത്തിൽ നിർണായക പങ്കു വഹിക്കാനും താരത്തിനായി. ലോകകപ്പിന് ശേഷം അർജന്റീന ആരാധകരുടെ പ്രിയതാരമായി മാറാൻ അൽവാരസിനു കഴിഞ്ഞു.

മാഞ്ചസ്റ്റർ സിറ്റിയിൽ അവസരങ്ങൾ കുറവാണെങ്കിലും മികച്ച പ്രകടനം നടത്താൻ അൽവാരസിനു കഴിഞ്ഞിരുന്നു. ഈ സീസണിൽ ടീമിന്റെ പ്രധാനതാരമായി മാറാനും അൽവാരസിനു കഴിഞ്ഞു. സ്‌ട്രൈക്കറായാണ് കളിക്കുന്നതെങ്കിലും ഒരേസമയം ഗോളുകൾ നേടാനും അവസരങ്ങൾ ഒരുക്കി നൽകാനും താരത്തിന് കഴിയുന്നുണ്ട്. സെറ്റ് പീസുകൾ എടുക്കുന്നതിലും മികവ് കാണിക്കുന്ന താരത്തിന്റെ വർക്ക് റേറ്റും അവിശ്വസനീയമായ രീതിയിലാണ്.

ക്ലബിനും രാജ്യത്തിനും വേണ്ടി മികച്ച പ്രകടനം നടത്തുന്ന താരത്തിനായി ആവശ്യക്കാർ വർധിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം സ്‌പാനിഷ്‌ ക്ളബുകളായ ബാഴ്‌സലോണയും റയൽ മാഡ്രിഡും താരത്തിന് വേണ്ടി സജീവമായ ശ്രമങ്ങളാണ് നടത്തുന്നത്. ഹാലാൻഡ് ടീമിലുള്ളതിനാൽ മാഞ്ചസ്റ്റർ സിറ്റിയിൽ സജീവമായ പരിഗണന ലഭിക്കാത്ത താരം ഓഫർ പരിഗണിക്കാനുള്ള സാധ്യതയുണ്ട്. സ്‌പാനിഷ്‌ ഫുട്ബോൾ താരത്തിന് ചേരുമെന്നതിലും സംശയമില്ല.

എന്നാൽ ഈ ക്ലബുകൾക്ക് താത്പര്യമുണ്ടെങ്കിലും അൽവാരസിനെ സ്വന്തമാക്കുക ബുദ്ധിമുട്ടു തന്നെയാകും. 2028 വരെ മാഞ്ചസ്റ്റർ സിറ്റിയുമായി കരാറുള്ള താരത്തിന് റിലീസിംഗ് ക്ലോസ് പോലുമില്ലാത്തതിനാൽ മാഞ്ചസ്റ്റർ സിറ്റിയുടെ അനുമതിയില്ലാതെ സ്വന്തമാക്കുക പ്രയാസമാണ്. നിലവിൽ താരത്തെ വലിയ തുക നൽകി സ്വന്തമാക്കാൻ റയൽ മാഡ്രിഡിന് കഴിയുമെങ്കിലും സാമ്പത്തികപ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണയെ സംബന്ധിച്ച് അത് വലിയൊരു ബുദ്ധിമുട്ട് തന്നെയാണ്.

You Might Also Like