ബംഗളൂരു ആ താരത്തെ വിട്ടുകളഞ്ഞത് ആന മണ്ടത്തരം, ആഞ്ഞടിച്ച് ഇന്ത്യന്‍ താരം

ഐ.പി.എല്ലിന്റെ 14ാം സീസണിനായി നടക്കാനിരിക്കുന്ന താരലേലത്തിനു മുന്നോടിയായി ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ ബാംഗ്ലൂര്‍ ഒഴിവാക്കിയതിനെ വിമര്‍ശിച്ച് ഗൗതം ഗംഭീര്‍. മോറിസിനെ ടീമിന് നിലനിര്‍ത്താമായിരുന്നെന്നും മറ്റൊരു മികച്ച ഓള്‍റൗണ്ടറെ കണ്ടെത്തുക ബാംഗ്ലൂരിന് എളുപ്പമാകില്ലെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു.

’10 താരങ്ങളെ ഒഴിവാക്കിയത് ശരിയായില്ല. ക്രിസ് മോറിസിനെ അവര്‍ക്കു നിലനിര്‍ത്താമായിരുന്നു. മോറിസിനെ ഒഴിവാക്കിയ ആര്‍സിബിക്കു ലേലത്തില്‍ മറ്റൊരു മികച്ച ഓള്‍റൗണ്ടറെ കണ്ടെത്താന്‍ കഴിയുമായിരുന്നെങ്കില്‍ കുഴപ്പമില്ല. പക്ഷെ അതു പോലെ ആരാണുള്ളത്. ബെന്‍ സ്റ്റോക്‌സ്, ഹാര്‍ദിക് പാണ്ഡ്യെ എന്നിവരെപ്പോലുള്ള ഓള്‍റൗണ്ടര്‍മാര്‍ എത്ര പേരുണ്ട്? ഈ താരങ്ങളെ അവരുടെ ഫ്രാഞ്ചൈസികള്‍ ഒഴിവാക്കാനും പോവുന്നില്ല. അതുകൊണ്ടു തന്നെ ഫിറ്റ്‌നസ് മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിനൊപ്പം മോറിസിനെ ഒരു സീസണില്‍ കൂടി ആര്‍സിബിക്കു നിലനിര്‍ത്താവുന്നതായിരുന്നു.’

‘ആര്‍.സി.ബിയെ സംബന്ധിച്ച് ഏറ്റവും വലിയ പോസിറ്റീവ് അവര്‍ ഹെസ്സനും കാറ്റിച്ചിനും ഒരവസരം കൂടി നല്‍കിയതാണ്. ഇവരെയും ആര്‍.സി.ബി ഒഴിവാക്കിയേക്കുമെന്നു സംശയിച്ചിരുന്നു. മോറിസിനു പകരം ഓസീസ് താരം കാമറോണ്‍ ഗ്രീനിനെ ആര്‍.സി.ബി കൊണ്ടുവന്നാല്‍ അതിനോടു ഞാന്‍ യോജിക്കുന്നില്ല. കാരണം ഗ്രീനിനു അനുഭവസമ്പത്തില്ല. ഗ്രീന്‍ 135-140 കിമി വേഗത്തില്‍ ബോള്‍ ചെയ്‌തേക്കാം. പക്ഷെ ഐ.പി.എല്‍ തീര്‍ത്തും വ്യത്യസ്തമാണ്.’

‘വരാനിരിക്കുന്ന ലേലത്തില്‍ ആര്‍.സി.ബി നോട്ടമിടാന്‍ സാദ്ധ്യതയുള്ള രണ്ടു പേര്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ ഗ്ലെന്‍ മാക്‌സ്വെല്ലും മിച്ചെല്‍ സ്റ്റാര്‍ക്കുമായിരിക്കും. ചിന്നസ്വാമി സറ്റേഡിയത്തില്‍ മികച്ച റെക്കോഡുള്ള താരമാണ് മാക്‌സ്വെല്‍. നേരത്തേ അവര്‍ക്കായി കളിച്ചതിനാല്‍ സ്റ്റാര്‍ക്കിനു വേണ്ടിയും ആര്‍.സി.ബി ശ്രമം നടത്തുമെന്നാണ് കരുതുന്നത്’ ഗംഭീര്‍ പറഞ്ഞു.

ബാംഗ്ലൂര്‍ നിലനിര്‍ത്തിയവര്‍: വിരാട് കോഹ്ലി, എബി ഡിവില്ലിയേഴ്സ്, യുസ്വേന്ദ്ര ചെഹല്‍, ദേവ്ദത്ത് പടിക്കല്‍, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്നി, ജോഷ്വ ഫിലിപ്പെ, ഷഹബാസ് അഹമ്മദ്, ആദം സാംപ, കെയ്ന്‍ റിച്ചാര്‍ഡ്സന്‍, പവന്‍ ദേശ്പാണ്ഡെ

ബാംഗ്ലൂര്‍ റിലീസ് ചെയ്തവര്‍: ആരോണ്‍ ഫിഞ്ച്, ഡെയ്ല്‍ സ്റ്റെയ്ന്‍, മോയിന്‍ അലി, ക്രിസ് മോറിസ്, ഉമേഷ് യാദവ്, ശിവം ദുബെ, ഇസൂരു ഉഡാന, ഗുര്‍കീരത് മാന്‍, പവന്‍ നേഗി

You Might Also Like