ആര്‍സിബിയുടെ മുട്ടന്‍ തോല്‍വി, ലോട്ടറി അടിച്ചത് മുംബൈ ഇന്ത്യന്‍സിന്

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു വീണ്ടും തോറ്റതോടെ അവരുടെ പ്ലേ ഓഫ് സാധ്യതയെല്ലാം ത്രിശങ്കുവിലായിരിക്കുകയാണല്ലോ. ഏഴ് മത്സരത്തില്‍ നിന്ന് ആറിലും തോറ്റ ആര്‍സിബിയുടെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് മങ്ങിയിരിക്കുകയാണെന്ന് പറയാം, ശേഷിക്കുന്ന ഏഴ് മത്സരങ്ങളും ജയിച്ചാല്‍ പോലും ആര്‍സിബി പ്ലേ ഓഫിലെത്തണമെങ്കില്‍ മറ്റ് മത്സര ഫലങ്ങള്‍ കാത്തിരിക്കണം.

അവസാന മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനോട് 25 റണ്‍സിനാണ് ആര്‍സിബി തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 3 വിക്കറ്റിന് 287 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ആര്‍സിബിക്ക് 7 വിക്കറ്റിന് 262 റണ്‍സാണ് നേടാനായത്. ആര്‍സിബി ശക്തമായ പോരാട്ടം കാഴ്ചവെച്ചെങ്കിലും ജയിക്കാന്‍ സാധിക്കാതെ പോയി.

അതെസമയം ആര്‍സിബിയുടെ തോല്‍വിയില്‍ സണ്‍റൈസേഴ്സ് ഹൈദാരാബാദിനെക്കാളും സന്തോഷിക്കുന്നത് മറ്റൊരു ടീമാണ്. അത് മുംബൈ ഇന്ത്യന്‍സാണ്. കാരണം മുംബൈയുടെ പേരിലുണ്ടായിരുന്ന രണ്ട് നാണംകെട്ട റെക്കോഡാണ് ഇപ്പോള്‍ ആര്‍സിബിയുടെ പേരിലേക്കായിരിക്കുന്നത്.

അതിലൊന്ന് ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ വഴങ്ങുന്ന ടീമെന്ന നാണക്കേടിലേക്കാണ് ആര്‍സിബി എത്തിയിരിക്കുന്നത്. ഇതിന് മുമ്പ് മുംബൈ ഇന്ത്യന്‍സിന്റെ പേരിലായിരുന്നു ഈ റെക്കോഡ്. ഹൈദരാബാദിന്റെ ട്രാവിസ് ഹെഡ് സെഞ്ച്വറി നേടിയതോടെയാണ് വലിയ നാണക്കേടിലേക്ക് ആര്‍സിബി എത്തിയിരിക്കുന്നത്. 41 പന്ത് നേരിട്ട് 9 ഫോറും 8 സിക്സും ഉള്‍പ്പെടെ 102 റണ്‍സ് നേടിയാണ് ഹെഡ് പുറത്തായത്.

കൂടാതെ ഐപിഎല്ലിലെ ഒരു മത്സരത്തില്‍ കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ടീമെന്ന റെക്കോഡ് മുംബൈയുടെ പേരിലായിരുന്നു. ഈ സീസണില്‍ത്തന്നെ ഹൈദരാബാദ് മുംബൈക്കെതിരേ 277 റണ്‍സ് നേടിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഹൈദരാബാദ് ആര്‍സിബിക്കെതിരേ 287 റണ്‍സടിച്ചതോടെ ഈ നാണക്കേടില്‍ നിന്നും മുംബൈ രക്ഷപെട്ടു.

ഇനിയുള്ള ഏഴ് മത്സരം ജയിച്ചാലും പരമാവധി 16 പോയിന്റാണ് ആര്‍സിബിക്ക് ലഭിക്കുക. അതുകൊണ്ടുതന്നെ പ്ലേ ഓഫില്‍ കടക്കുക കടുപ്പമായിരിക്കും. വിരാട് കോലി ഐപിഎല്‍ കിരീടം നേടുന്നത് കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നതാണ് സത്യം.

You Might Also Like