കോഹ്ലിയ്ക്ക് പടുകൂറ്റന്‍ പിഴവിധിച്ച് സംഘാടകര്‍, ടീമിനൊന്നാകെ കര്‍ശന ശിക്ഷ

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനിടയിലെ കുറഞ്ഞ ഓവര്‍ നിരക്കിന് ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് താല്‍കാലിക ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് എതിരെ കടുത്ത നടപടി. നിശ്ചിത സമയത്ത് ഓവര്‍ പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിരാട് കോഹ്ലിക്ക് 24 ലക്ഷം രൂപ പിഴ ആണ് സംഘാടകര്‍ ചുമത്തിയിരിക്കുന്നത്.

കോഹ്ലി മാത്രമല്ല, ഇംപാക്റ്റ് പ്ലെയര്‍ ഫാഫ് ഡു പ്ലെസിസ് ഉള്‍പ്പെടെയുള്ള ബാംഗ്ലൂര്‍ പ്ലെയിംഗ് ഇലവന്‍ മുഴുവന്‍ താരങ്ങള്‍ക്കും മാച്ച് ഫീസിന്റെ 25 ശതമാനം പിഴ ഒടുക്കണമെന്നും സംഘടകര്‍ വിധിച്ചിട്ടുണ്ട്. ആറ് ലക്ഷം രൂപ വീതമാണ താരങ്ങള്‍ പിഴയായി നല്‍കേണ്ടത്.

ബിസിസിഐ പുറത്തിറക്കിയ പ്രത്യേക വാര്‍ത്ത കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഈ സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഇത് രണ്ടാം തവണയാണ് ഒരേ കുറ്റം ആവര്‍ത്തിക്കുന്നത്. ഇതാണ് കനത്ത പിഴയ്ക്ക ഇടയാക്കിയത്. ഇനിയും ഈ കുറ്റം ആവര്‍ത്തിച്ച ക്യാപ്റ്റന് മത്സരവിലക്ക് വരെ ലഭിക്കും.

ആദ്യം ഈ കുറ്റം ചെയ്തപ്പോള്‍ ക്യാപ്റ്റന് 12 ലക്ഷം രൂപയായിരുന്നു പിഴ. ഇതാണ് ഇരട്ടിയായിരിക്കുന്നത്. അതെസമയം മത്സരത്തില്‍ ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് വിജയിച്ചിരുന്നു. ബംഗളൂരു ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ രാജസ്ഥാന് 182 റണ്‍സ് എടുക്കാനെ ആയുളളു.

 

You Might Also Like