ഇത് കൈയ്യടിക്കേണ്ട തീരുമാനം, സൂപ്പര്‍ താരങ്ങളെ പുറത്താക്കിയ തീരുമാനത്തെ പിന്തുണച്ച് ഇന്ത്യന്‍ താരം

ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍ എന്നിവരെ ഒഴിവാക്കിയാണ് ബിസിസിഐ വാര്‍ഷിക കോണ്‍ട്രാക്റ്റ് പ്രഖ്യാപിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് പ്രത്യേകിച്ച് രഞ്ജിയില്‍ നിന്ന് വിട്ടുനിന്നതിനാല്‍ ആണ് ഇരുവരേയും പുതിയ കോണ്‍ട്രാക്റ്റില്‍ ഉള്‍പ്പെടുത്താതിരുന്നത്.

ഇന്ത്യന്‍ സീനിയര്‍ ടീമിലെയും എ ടീമിലെയും താരങ്ങള്‍ ദേശീയ ഡ്യൂട്ടിയിലോ പരിക്കിലോ അല്ലെങ്കില്‍ നിര്‍ബന്ധമായും ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരിക്കണം എന്ന നിര്‍ദേശം ബിസിസിഐ സെക്രട്ടറി ജയ് ഷാ മുഴുവന്‍ താരങ്ങള്‍ക്കും നല്‍കുകയായിരുന്നു. എന്നാല്‍ നിര്‍ദേശം പാലിക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല. ചുരുക്കത്തില്‍ ശിക്ഷാ നടപടികളുടെ ഭാഗമായിട്ടാണ് ഇരുവരേയും കരാറില്‍ നിന്ന് മാറ്റിനിര്‍ത്തിയത്.

ഇപ്പോള്‍ ബിസിസിഐയുടെ നടപടിയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുയാണ് മുന്‍ ഇന്ത്യന്‍ പരിശീലകനും നായകനുമായ രവി ശാസ്ത്രി. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇക്കാര്യത്തെ പരസ്യമായി അനുകൂലിച്ച് രംഗത്തെത്തിയത്.

ആഭ്യന്തര ക്രിക്കറ്റിനും ടെസ്റ്റ് ഫോര്‍മാറ്റിനും പ്രധാന്യം നല്‍കുന്ന തീരുമാനമാണിത്. വെല്ലുവിളികള്‍ അതിജീവിച്ച് കരുത്തോടെ ഇഷാനും ശ്രേയ്യസും തിരിച്ചുവരണമെന്നും രവി ശാസ്ത്രി എക്സില്‍ കുറിച്ചു. ബിസിസിഐ നടപടിയെ ഇന്ത്യന്‍ മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും പിന്നീട് സ്വാഗതം ചെയ്തു.

ബിസിസിഐയുടെ പുതിയ കരാര്‍ പ്രകാരം രോഹിത് ശര്‍മ്മ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, രവീന്ദ്ര ജഡേജ എന്നിവരാണ് എപ്ലസ് ഗ്രേഡിലുള്ളത്. എ ഗ്രേഡില്‍ രവിചന്ദ്രന്‍ അശ്വിന്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവരും ഗ്രേഡ് ബിയില്‍ സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, യശസ്വി ജയ്സ്വാള്‍ എന്നിവരും ഇടംപിടിച്ചു.

ഏറ്റവും കൂടുതല്‍ താരങ്ങള്‍ ഉള്‍പ്പെട്ട ഗ്രേഡ് സിയില്‍ റിങ്കു സിംഗ്, തിലക് വര്‍മ്മ, റുതുരാജ് ഗെയ്ക്വാദ്, ഷര്‍ദുല്‍ താക്കൂര്‍, ശിവം ദുബെ, രവി ബിഷ്‌ണോയി, ജിതേഷ് ശര്‍മ്മ, വാഷിംഗ്ടണ്‍ സുന്ദര്‍, മുകേഷ് കുമാര്‍, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിംഗ്, കെ എസ് ഭരത്, പ്രസിദ്ധ് കൃഷ്ണ, ആവേഷ് ഖാന്‍, രജത് പാടിദാര്‍ എന്നിവരുണ്ട്.

 

You Might Also Like