കോഹ്ലിയും രോഹിത്തുമൊന്നുമല്ല, ഇന്ത്യയുടെ അടിത്തറ അയാളാണ്, തുറന്ന് പറഞ്ഞ് ശാസ്ത്രി

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ പ്രശംസ കൊണ്ട് മൂടി മുന്‍ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. കഴിഞ്ഞ ലോകകപ്പില്‍ ഹാര്‍ദ്ദിക്കിനെ ഇന്ത്യ ഏറെ മിസ് ചെയ്തിരുന്നതായും ഇത്തവണ അദ്ദേഹത്തിന്റെ കാര്യത്തില്‍ പൂര്‍ണ ആത്മവിശ്വാസമുണ്ടെന്നും ശാസ്ത്രി പറയുന്നു. സ്റ്റാര്‍ സ്‌പോട്‌സ് ഷോയില്‍ സംസാരിക്കുകയായിരുന്നു ശാസ്ത്രി.

‘ഇന്ത്യന്‍ ടീമിലെ നിര്‍ണായക താരങ്ങളില്‍ ഒരാളാണ് ഹാര്‍ദിക് പാണ്ഡ്യ. അദ്ദേഹത്തെ ടീമില്‍ നിന്ന് ഒഴിവാക്കിയാല്‍ ബാലന്‍സ് നഷ്ടപ്പെടും. അത്രത്തോളം പ്രാധാന്യം താരത്തിനുണ്ട്. വരും ലോകകപ്പില്‍ അധികമായി ഒരു ബൗളറെയോ ബാറ്ററേയോ കളിപ്പിക്കുമോയെന്ന് നമുക്കറിയില്ല. ബൗള്‍ ചെയ്യാന്‍ കഴിയാതിരുന്നതിനാല്‍ കഴിഞ്ഞ ലോകകപ്പില്‍ ഹാര്‍ദിക്കിനെ ഏറെ മിസ് ചെയ്തിരുന്നു. അത് ടീമില്‍ വലിയ പ്രത്യാഘാതമാണുണ്ടാക്കിയത്’ ശാസ്ത്രി പറഞ്ഞു.

‘താരത്തിന്റെ ഗുണമേന്‍മ പരിഗണിക്കുമ്പോള്‍ അതിനോട് കിടപിടിക്കുന്ന ഒരുതാരം പോലും ടീമിലില്ല. ടീമില്‍ വളരെ പ്രാധാന്യമുള്ള താരമാണയാള്‍. വരും മത്സരങ്ങള്‍ പരിഗണിച്ചാല്‍ എല്ലാ കളികളിലും ഉണ്ടാവേണ്ട താരമാണ് ഹാര്‍ദിക്’ ശാസ്ത്രി പറഞ്ഞു.

കഴിഞ്ഞ ടി20 ലോകകപ്പില്‍ പാണ്ഡ്യ കളിച്ചിരുന്നെങ്കിലും പന്തെറിയാതിരുന്നത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. ബാറ്ററായി മാത്രം താരത്തെ ഉള്‍പ്പെടുത്തിയതോടെ അധിക ബൗളറെ കളിപ്പിക്കാനായില്ല. ഇതാണ് ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ടീം പുറത്താവാന്‍ കാരണം എന്ന് വിലയിരുത്തപ്പെട്ടിരുന്നു.

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ഓസ്ട്രേലിയയില്‍ ആണ് ടി20 ലോകകപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ ഇന്ത്യ ലീഗ് ഘട്ടത്തില്‍ തന്നെ പുറത്തായതിനാല്‍ ഇത്തവണ വലിയ മുന്നൊരുക്കവുമായാണ് ടീം ഇന്ത്യ എത്തുന്നത്.

 

You Might Also Like